ന്യൂഡൽഹി: കാവി നിറത്തിലുള്ള ജേഴ്‌സി ധരിച്ചത് കൊണ്ടാണ് ഇംഗ്ലണ്ടുമായുള്ള ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോറ്റതെന്ന മെഹ്ബൂബ മുഫ്തിയുടെ പരാമർശത്തിന് ബി.ജെ.പിയുടെ വിമർശനം. ജമ്മു കശ്മീരിലെ ബി.ജെ.പി തലവൻ രവീന്ദർ റെയ്നയാണ് പി.ഡി.പി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി മുഫ്തിയുടെ ഹൃദയത്തിൽ നിന്നും ചോരയൊഴുകുകയാണെന്നും അതുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ അവർ സംസാരിക്കാൻ തയാറായതെന്നും റെയ്ന പറഞ്ഞു.
ഞായറാഴ്ചയാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സിക്കെതിരെയുള്ള തന്റെ എതിർപ്പ് മെഹ്ബൂബ മുഫ്തി ട്വിറ്റർ വഴി പരസ്യമാക്കുന്നത്. ഇന്ത്യയുടെ തുടർച്ചയായുള്ള വിജയത്തിന് തടസ്സമുണ്ടാക്കിയത് കാവി ജേഴ്‌സിയാണെന്നാണ് മുഫ്തി ആരോപിച്ചത്.'എന്നെ നിങ്ങൾ അന്ധവിശ്വാസി എന്ന് വിളിച്ചോളൂ. എന്നാലും ഞാൻ പറയുകയാണ്. ഇന്ത്യ ഇന്ന് ലോകകപ്പ് മത്സരത്തിൽ തോൽക്കാൻ കാരണം ആ ജേഴ്സിയാണ്.' മെഹ്ബൂബ മുഫ്തി തന്റെ ട്വീറ്റിലൂടെ പറഞ്ഞു.
ശിവസേനാ നേതാവ് സഞ്ജയ് രാവത്തും മുഫ്‌തിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മുഫ്തിയുടെ ന്യായം അനുസരിച്ചാണെങ്കിൽ പാകിസ്ഥാൻ കളിക്കാർ പച്ച നിറം ധരിച്ചിട്ടും അവർ തോൽക്കുന്നതെന്താണെന്നാണ് റാവത്ത് തിരിച്ചടിച്ചത്. മുസ്ലിം പുരോഹിതന്മാരെ പോലെ അവർ താടി വച്ചിട്ടാണ് അവർ തോൽക്കുന്നതെന്നും റാവത്ത് പരിഹസിച്ചു. ഇന്ത്യയുടെ പേര് ചീത്തയാക്കാൻ ശ്രമിക്കുന്ന, ഭ്രാന്തുള്ള ചിലർ ഈ രാജ്യത്തും ഉണ്ടെന്നും മുഫ്തിയെ ലക്ഷ്യമാക്കി റാവത്ത് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ കാവി നിറമുള്ള ജേഴ്‌സി ധരിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യയുടെ തന്നെ നിറമായ നീല ധരിച്ചാണ് ഇംഗ്ലണ്ട് എത്തിയത്. ഇതുമൂലമുള്ള ആശയകുഴപ്പം ഒഴിവാക്കാനാണ് ഇന്ത്യൻ ടീം കാവി നിറം അണിഞ്ഞത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ വെറും മത്സരത്തിൽ വെറും 31 റണ്ണിനാണ് ഇന്ത്യ തോറ്റത്.