ചെന്നൈ: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. മൂന്ന് രാജ്യസഭ സീറ്റുകളിലും ഡി.എം.കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റ് മൻമോഹൻ സിംഗിന് നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് നേരിട്ട് ഇക്കാര്യം ആവശ്യപ്പെടാത്തതിനാലാണ് ഡി.എം.കെ സീറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന.
ഡി.എം.കെ അനുഭാവിയും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ പി. വിൽസൺ, എം.ഡി.എം.കെ നേതാവ് വൈക്കോ,ഡി.എം.കെ നേതാവ് എം ഷൺമുഖൻ എന്നിവരെയാണ് ഡി.എം.കെ സ്ഥാനാർത്ഥികളായി തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി കോൺഗ്രസ്-ഡി.എം.കെ സഖ്യത്തിൽ ഭിന്നത ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തമിഴ്‌നാട്ടിൽ രാജ്യസഭ സീറ്റുകളിലേക്ക് ഈ മാസം 18നാണ് തിരഞ്ഞെടുപ്പ് നടക്കുക. അസമിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിംഗിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. നിലവിൽ അസമിൽ നിന്ന് രാജ്യസഭയിലേക്കെത്താനാവശ്യമായ അംഗസംഖ്യ കോൺഗ്രസിന് ഇല്ല.