ബംഗളൂരു: മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിനായി തിരിച്ചതിന് പിന്നാലെ കർണാടകയിൽ സഖ്യസർക്കാരിനെ താഴെയിറക്കാൻ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ബെല്ലാരി ജില്ലയിലെ വിജയനാഗര എം.എൽ.എ ആനന്ദ് സിംഗ് തന്റെ നിയമസഭാംഗത്വം രാജിവച്ചു. ഇന്ന് ഗവർണർ വി.ആർ.വാലയെ കണ്ട സിംഗ് താൻ രാജിവയ്‌ക്കാനുള്ള കാരണങ്ങൾ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറെ കാണുന്ന അദ്ദേഹം ഔദ്യോഗികമായി രാജിസമർപ്പിക്കും. ഇതിന് പിന്നാലെ മറ്റ് ചില കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവയ്‌ക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ സഖ്യസർക്കാരിനെ മറിച്ചിടാനുള്ള ശ്രമം ബി.ജെ.പി ഔദ്യോഗികമായി അവസാനിപ്പിക്കാൻ ഇരിക്കെയാണ് പാളയത്തിൽ തന്നെ പടയുണ്ടാകുന്നത്.
കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ അസംതൃപ്തിയുള്ള ചില കോൺഗ്രസ് എം.എൽ.എമാർ രാജിവയ്‌ക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മന്ത്രിസ്ഥാനമോ ഏതെങ്കിലും കോർപറേഷനുകളുടെ ചെയർമാൻ സ്ഥാനമോ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇത് നൽകാൻ തയ്യാറായില്ലെന്നാണ് ഇവരുടെ ആരോപണം. ഇതിനെ തുടർന്ന് ചില എം.എൽ.എമാർ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത് മാറിനിൽക്കുകയാണെന്നാണ് വിവരം. കോൺഗ്രസിലെ വിമത എം.എൽ.എമാരായ രമേശ് ജാർഖോളി, ബി.നാഗേന്ദ്ര, മഹേഷ് കുംതഹള്ളി, ജെ.എൻ.ഗണേഷ്, ബി.സി.പട്ടീൽ എന്നിവരും തങ്ങളുടെ നിയമസഭാംഗത്വം രാജിവയ്‌ക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. ഇത് കോൺഗ്രസ് - ജെ.ഡി.എസ് നേതാക്കളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
കേന്ദ്രത്തിൽ ബി.ജെ.പി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് മൂലം ഇനി സംസ്ഥാനത്തെ സഖ്യസർക്കാരിന് ഭീഷണിയുണ്ടാകില്ലെന്നാണ് കോൺഗ്രസ് - ജെ.ഡി.എസ് നേതൃത്വം കരുതിയിരുന്നത്. സഖ്യസർക്കാരിനെ മറിച്ചിടാൻ മിനക്കെടേണ്ടെന്ന് സംസ്ഥാന ഘടകത്തിന് ബി.ജെ.പി കേന്ദ്രനേതൃത്വം നിർദ്ദേശം നൽകുകയും ചെയ്‌തു. എന്നാൽ ആഭ്യന്തര കലഹം മൂലം സഖ്യസർക്കാർ താഴെ വീഴുകയാണെങ്കിൽ അവസരം മുതലെടുക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എതിർ പക്ഷത്ത് നിന്നും എം.എൽ.എമാർ എത്തിയാൽ തങ്ങൾ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി നിലപാടെടുക്കുകയും ചെയ്‌തിട്ടുണ്ട്.