dhoni

ബർമിംഗ്ഹാം : ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ പരാജയം ചോദിച്ചുവാങ്ങിയതാണെന്ന പരാതി സമൂഹ മാദ്ധ്യങ്ങളിലടക്കം ഉയരുകയാണ്. 338 റൺസ് ലക്ഷ്യവുമായി ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ചേസിംഗിനിറങ്ങിയ ഇന്ത്യ ബാറ്റിംഗിൽ മെല്ലപ്പോക്ക് സ്വീകരിച്ചുവെന്ന ആരോപണമാണ് ക്രിക്കറ്റ് പ്രേമികൾ ആരോപിക്കുന്നത്. എന്നാൽ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്ന തരത്തിൽ ടീമിന്റെ തോൽവിയെ മഹത്വവത്കരിക്കുന്നവരും ഉണ്ട് . ഈ അവസരത്തിൽ ഡോ.നെൽസൺ ജോസഫ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാണ്. എല്ലാ കളികളും ജയിക്കണമെന്ന വാശി പാടില്ലെങ്കിലും ജയിക്കാനുള്ള ആഗ്രഹം പോലുമില്ലാതെ വൃത്തികെട്ട ബാറ്റിംഗാണ് ടീം സ്വീകരിച്ചതെന്നും ഇത് കളികാണുവാനിരിക്കുന്നവരുടെ മുഖത്ത് തുപ്പുന്നതിന് സമാനമാണെന്നും അദ്ദേഹം ആരോപിക്കുന്നു. പാകിസ്താനെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരുതി തോൽവിയെ മഹത്വവത്കരിക്കുന്നവർക്കും ഫേസ്ബുക്കിലൂടെ മറുപടി നൽകുന്നു. സ്‌പോർട്സ് എന്നും അതിർത്തികൾ മായ്ക്കാനുള്ളതാണെന്നും അതിനെ ഉപയോഗിച്ച് മതിലുകൾ പണിയാനുള്ളതല്ലെന്നും നെൽസൺ ജോസഫ് ഓർമ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാക്കിസ്ഥാനെ തോൽപിക്കാൻ

ഇന്നലത്തെ കളിയിലെ തോൽവിയിൽ പറയത്തക്ക സങ്കടമൊന്നുമില്ല. കാരണം എല്ലാ കളിയും ജയിക്കണമെന്ന വാശിയൊന്നും പാടില്ലല്ലോ.

പക്ഷേ തൊണ്ണൂറോവർ ഇരുന്ന് കളി കണ്ടവരുടെ മുഖത്ത് തുപ്പിയ രീതിയിലുള്ള , ജയിക്കാനുള്ള ആഗ്രഹം പോലും കാണിക്കാത്ത രീതിയിലെ വൃത്തികെട്ട ബാറ്റിങ്ങിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയുന്നില്ല. കോമാളിത്തരത്തിന്റെ അങ്ങേയറ്റത്തുവച്ച് ലാസ്റ്റോവറിലെ സിക്സ് കഴിഞ്ഞുള്ള സിംഗിൾ നിഷേധവും കൂടിയായപ്പൊ പൂർത്തിയായി

അത് എത്രതന്നെ ആക്ഷേപകരമാണോ , അതിനെക്കാൾ നൂറു മടങ്ങ് ആക്ഷേപകരമായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെക്കണ്ട ചില ദേശസനേഹികളുടെ പോസ്റ്റുകൾ.

പാക്കിസ്ഥാൻ സെമി ഫൈനലിൽ കടക്കാതിരിക്കാൻ ഇന്ത്യ മനപ്പൂർവ്വം തോറ്റുകൊടുത്തതാണത്രേ. ഇമ്രാൻ കുഞ്ഞുങ്ങൾക്കിട്ടുള്ള സർജിക്കൽ സ്‌ട്രൈക്കെന്നൊക്കെ വിവരക്കേട് വിളമ്പുന്നത് കണ്ടു.

കളിക്ക് മുൻപ് അതിനെക്കാൾ വൃത്തികേടുകൾ കണ്ടിരുന്നു. പാക്കിസ്ഥാനികൾ ആരെ പിന്തുണയ്ക്കുമെന്ന് ഫേസ്ബുക്ക് പോളിടുന്ന മഹാന്മാർ. പാക്കിസ്ഥാൻ ടീമിനെ ഇഷ്ടമുള്ള ഇന്ത്യക്കാരെയും ഇന്ത്യൻ ടീമിനെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരെയും ഇവർക്കറിയില്ലാത്തതല്ല.

ശ്രീലങ്കയിൽ സുനാമി തകർത്ത വീടുകളോ മറ്റോ പുനർ നിർമിക്കാൻ വർഷങ്ങളോളം താമസിച്ചതുകൊണ്ട് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ശ്രീലങ്കൻ ടീമിനെ പിന്തുണച്ച ഇംഗ്ലണ്ടുകാരനെ അവിടാരും ദേശദ്രോഹിയെന്ന് വിളിക്കുന്നത് കണ്ടില്ല. ഇത് ക്രിക്കറ്റാണ്. പത്ത് രാജ്യങ്ങൾ ഏറ്റുമുട്ടുന്ന മൂന്നാം ലോകമഹായുദ്ധമല്ല എന്ന് അവർക്കറിയാം.

പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവ്വം തോറ്റുകൊടുത്തതാണെന്ന് പറയുന്നവർക്ക് രാജ്യസനേഹവുമില്ല സപോർട്സുമറിയില്ല. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുത്തിത്തിരിപ്പ് മാത്രം കൈവശമുള്ളെന്നേ തോന്നുന്നുള്ളൂ.

പാക്കിസ്ഥാന് സെമിയിലെത്താൻ ഇനിയും സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അത് ഇവിടെ പ്രസക്തമല്ല.

മാച്ച് ഫിക്സിങ്ങ്. കളിയിൽ ജയിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് വിട്ടുനിന്ന് മനപ്പൂർവം തോറ്റുകൊടുക്കുന്നത് ഏത് രീതിയിൽ നോക്കിയാലും മോശം പ്രവൃത്തിയാണ്. കളി കാണുന്നവരെയും ഒപ്പം കളിക്കുന്നവരെയും മണ്ടന്മാരാക്കുന്ന പണി. അങ്ങനെയൊരു കളിക്കാരനെ സപോർട്സ്മാനായി ഒരു രാജ്യത്തും കരുതാറില്ല. അപ്പൊ ഒത്തുകളിച്ചെന്നാവേശം കൊള്ളുന്നവരെ സപോർട്സ് പ്രേമികളെന്ന് വിളിക്കാനാവില്ല.

ഒരു ടൂർണമെന്റിൽ ഒപ്പം കളിക്കുന്ന ഒരു ടീമിനെ ശത്രു രാജ്യമെന്നു കണ്ട് അതുകൊണ്ടുമാത്രം ടൂർണമെന്റിൽ അവരുടെ മുന്നേറ്റം സാദ്ധ്യമാവാതിരിക്കാൻ തോറ്റുകൊടുക്കുന്നെന്നാണ്, ആ ഒത്തുകളിയുടെ ഏറ്റവും തരം താഴ്ന്ന വേർഷൻ നടത്തിയെന്നാണ് ഇവരാരോപിക്കുന്നത്. ഇതുവരെ കേട്ടുകേൾവിയില്ലാത്തത്ര അപൂർവം.

ഞാൻ ആ കഥ വിശ്വസിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തുവെന്ന് ആവേശം കൊള്ളുന്നവരെ രാജ്യസനേഹിയെന്ന് കരുതാൻ നിർബന്ധിക്കരുത്...അതിനു കിട്ടുന്ന കയ്യടികൾ ചെറുതല്ലാത്തവിധം പേടിപ്പിക്കുന്നുമുണ്ട്. എത്രത്തോളം ട്വിസ്റ്റഡാണ് ആ ചിന്തകളെന്ന് ഓർക്കുമ്പൊ...

അത്രത്തോളം തരം താണുകഴിഞ്ഞെന്ന് അറിയുന്നതിൽ തീർച്ചയായും ദുഖമുണ്ട്.
ഇന്ത്യ ഇന്നലെ തോറ്റതിനെക്കാൾ.

നന്നായി കളിച്ച് തോൽക്കുകയോ ജയിക്കുകയോ ചെയതോട്ടെ. പക്ഷേ സപോർട്സ് എന്നും അതിർത്തികൾ മായ്ക്കാനുള്ളതാണ്. മതിലുകൾ പണിയാനുള്ളതല്ല. അത് അങ്ങനെതന്നെ തുടരണമെന്നൊരു വാശിയുണ്ട്..