ksrtc

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട താൽക്കാലിക ഡ്രൈവർമാരെ കരാർ ജീവനക്കാരായി നാളെ തിരിച്ചെടുക്കാൻ തീരുമാനമായി. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് വിവിധ ജില്ലകളിലായി ഇന്നലെ മുടങ്ങിയത് 606 സർവീസുകളാണ്. ഞായറാഴ്ചകളിൽ പൊതുവെയുള്ള സർവീസ് വെട്ടിക്കുറയ്ക്കലിനു പുറമേ വേണ്ടത്ര ഡ്രൈവർമാർ ഇല്ലാത്തതു കാരണം ഇത്രയും സർവീസുകൾ മുടങ്ങുക കൂടി ചെയ്തതോടെ യാത്രക്കാർ ദുരിതത്തിലായി.

അതേസമയം,​ അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിച്ച് പ്രതിസന്ധി രൂക്ഷമാകാതെ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പിരിച്ചുവിട്ട 2107 ജീവനക്കാരും കരാർ ജീവനക്കാരായി നാളെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംപാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോൾ പകരം നിയോഗിക്കാൻ പി.എസ്.സി. പട്ടികയിലുള്ളവരുണ്ടായിരുന്നു. എന്നാൽ, ഡ്രൈവർമാരുടെ കാര്യത്തിൽ സ്ഥിതി അതല്ല. സ്ഥിരംനിയമനം നിലവിലെ സാമ്പത്തികസ്ഥിതിയിൽ കെ.എസ്.ആർ.ടി.സി.ക്ക് ആലോചിക്കാനാവില്ല. സിംഗിൾ ഡ്യൂട്ടിക്ക് താത്കാലിക ഡ്രൈവർമാർക്കു നൽകുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവർമാർക്കിത് 800-1500 രൂപയും.

കോടതി നിർദേശത്തെ തുടർന്ന് ശനിയാഴ്ച രാത്രി ഇറക്കിയ ഉത്തരവിലൂടെയാണ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത്. പ്രതിസന്ധി മറികടക്കാൻ സ്ഥിരം ഡ്രൈവർമാരെ അവധികൾ ഒഴിവാക്കി ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ ഡിപ്പോകൾക്ക് നിർദേശം നൽകിയിരുന്നു. എം പാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോൾ പകരം നിയോഗിക്കാൻ പി.എസ്.സി ലിസ്റ്റിലുള്ളവർ ഉണ്ടായിരുന്നു. എന്നാൽ, ഡ്രൈവർമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതാണ്.