ന്യൂഡൽഹി: പാർട്ടിയിലെ നേതൃത്വ പ്രശ്നത്തിന് പരിഹാരം കാണാൻ രാഹുൽ ഗാന്ധിയെ കാണാനൊരുങ്ങി കോൺഗ്രസ് മുഖ്യമന്ത്രിമാർ. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അവസാന ശ്രമം എന്നോണമാണ് ഇവർ കോൺഗ്രസ് അദ്ധ്യക്ഷനെ കാണാനൊരുങ്ങുന്നത്. കഴിഞ്ഞ മാസം, താൻ കോൺഗ്രസ് നേതൃത്വ സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നു എന്ന് രാഹുൽ ഗാന്ധി അറിയിച്ചതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിമാർ രാഹുലിന് മുന്നിലേക്ക് എത്തുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരാണ് രാഹുൽ ഗാന്ധിയെ കാണുക. കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രാഹുലിനെ കാണും എന്ന് സൂചനയുണ്ട്. രാഹുലിനെ അദ്ധ്യക്ഷനായി തുടരാൻ ഈ കൂടികാഴ്ചയ്ക്കിടയിൽ ഇവർ വീണ്ടും നിർബന്ധിക്കും. മാത്രമല്ല തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടാകും.
ഹിന്ദി ഹൃദയ ഭൂമിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം നേരിട്ടതെങ്ങനെയെന്നും ചർച്ചയിൽ വിലയിരുത്തും. തങ്ങളെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നാണ് രാജസ്ഥാൻ മുഖ്യമന്തിയായ അശോക് ഗെലോട്ട് പ്രതികരിച്ചു. രാജ്യത്തിന്റെ നന്മ ഉദ്ദേശിച്ച് മാത്രമാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു.