കൊൽക്കത്ത: യുവമോർച്ചാ നേതാവ് പ്രിയങ്ക ശർമയെ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ജയിലിൽ നിന്നും മോചിപ്പിക്കാൻ വൈകിയതിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ബോളീവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തോട് മോർഫ് ചെയ്ത മമത ബാനർജിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് പ്രിയങ്ക ശർമയെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രിയങ്ക ശർമയുടെ അറസ്റ്റ് 'പ്രഥമ ദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി മോചനം വൈകിപ്പിച്ച സർക്കാരിനെ നിശിതമായി വിമർശിച്ചു. ആദ്യം ജാമ്യത്തിനുള്ള വ്യവസ്ഥയായി പ്രിയങ്ക മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് കോടതി ഇത് തിരുത്തി. ജാമ്യത്തിനുള്ള വ്യവസ്ഥയായി മാപ്പ് കണക്കാക്കാൻ കഴിയില്ലെന്നും എന്നാൽ, മോചനത്തിന്റെ സമയത്ത് പ്രിയങ്ക മാപ്പ് പറയണമെന്നും വ്യക്തമാക്കി.
മേയ് ഒമ്പതിനാണ് പ്രിയങ്ക ശർമ്മ മോർഫു ചെയ്ത മമതാ ബാനർജിയുടെ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് വിഭാസ് ഹസ്ര പരാതി നൽകുകയായിരുന്നു. പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ തലയുടെ സ്ഥാനത്ത് മമതയുടെ തല വെച്ച് ചിത്രം എഡിറ്റു ചെയ്താണ് പ്രചരിപ്പിച്ചത്. അറസ്റ്റ് പ്രാഥമിക പരിശോധനയിൽ തന്നെ നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് പ്രിയങ്ക ശർമ്മയെ മോചിപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.