vijay-shankar

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും വിജയ് ശങ്കർ പുറത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് പിന്നാലെയാണ് താരത്തിനെ ടീമിൽ നിന്നും പുറത്താക്കിയത്. കാൽവിരലിലേറ്റ പരിക്ക് മൂലമാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. എന്നാൽ നാലാം നമ്പരിൽ വിജയ് ശങ്കറിന്റെ മോശം പ്രകടനവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിജയ് ശങ്കറിന് പകരമായി കർണാടക ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ആസ്ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ വർഷം ടെസ്‌റ്റ് അരങ്ങേറ്റം നടത്തിയ താരം ഇതുവരെ അന്താരാഷ്ട്ര ഏകദിനങ്ങളിൽ പങ്കെടുത്തിട്ടില്ല.

ടൂർണമെന്റിൽ പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് വിജയ് ശങ്കർ. നേരത്തെ ഓപ്പണർ ശിഖർ ധവാൻ കൈവിരലിൽ പരിക്കേറ്റ് പുറത്തായിരുന്നു. ജസ്പ്രീത് ബൂംറയുടെ പന്ത് കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു. സാരമുള്ളതെങ്കിലും നിലവിലെ പരിക്ക് മൂലം തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ താരത്തിന് കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടാണ് ടീമിൽ നിന്നും മാറ്റിനിറുത്തിയത്. താരത്തിന് പകരം കർണാടകയിൽ നിന്നുള്ള മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തും. അടുത്ത രണ്ട് കളികളിൽ നാലാം സ്ഥാനത്ത് റിഷഭ് പന്ത് പരാജയമാണെങ്കിൽ ഈ സ്ഥാനത്തേക്ക് കെ.എൽ.രാഹുലിനെ കൊണ്ടുവന്ന് ഓപ്പണിംഗ് പൊസിഷനിൽ മായങ്കിനെ ഇറക്കാനാണ് തീരുമാനമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.