mehbooba-mufti

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയെ കുറിച്ചുള്ള തന്റെ ട്വീറ്റിനെ ന്യായീകരിച്ച് പി.ഡി.പി നേതാവും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഒരു ബി.ജെ.പി നേതാവ് മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആക്രോശിച്ചപ്പോൾ തന്നെ വിമർശിച്ച അതെ അളവിൽ അവരെ ആരും വിമർശിച്ചില്ലെന്നും ഇപ്പോൾ എന്തിനാണ് ഈ രീതിയിൽ പ്രതികരിക്കുന്നതെന്നുമാണ് മുഫ്തി തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നത്.

താൻ തമാശരൂപേണയാണ് ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയെ കുറിച്ച് ട്വീറ്റ് ചെയ്തതെന്നും മുഫ്തി തന്റെ പുതിയ ട്വീറ്റിൽ വിശദീകരിച്ചു. ഇന്ത്യൻ ടീം കാവി നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞത് കൊണ്ടാണ് ഇന്നലത്തെ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റത് എന്നായിരുന്നു മുഫ്തിയുടെ മുൻപത്തെ ട്വീറ്റ്.

My tweet about India’s performance (all in good humour) got more traction than a BJP leader asking Hindus to gangrape Muslim women. Are such appalling statements intentionally being brushed under the rug? An innocuous tweet evokes strong reactions but why no outrage against this https://t.co/lYrjAjPCb9

— Mehbooba Mufti (@MehboobaMufti) July 1, 2019


'ഇന്ത്യയുടെ പ്രകടനത്തെ കുറിച്ചുള്ള എന്റെ ട്വീറ്റ്(തമാശരൂപേണയുള്ള) അർഹിക്കുന്നതിലും അധികം വിമർശനം ക്ഷണിച്ചുവരുത്തി. മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്ന് ഒരു ബി.ജെ.പി നേതാവ് ആക്രോശിപ്പോൾ ഉണ്ടായതിനേക്കാൾ. ഇത്തരത്തിലുള്ള ഹീനമായ പ്രസ്താവനകൾ മനപ്പൂർവം നിങ്ങൾ മറച്ചുവയ്ക്കുകയാണോ? യാതൊരു ദോഷവും സൃഷ്ടിക്കാത്ത എന്റെ ട്വീറ്റ് വിമർശിക്കപ്പെടുമ്പോഴും ഇക്കാര്യങ്ങൾ അവഗണിക്കുന്നതെന്തിന്?' മുഫ്തി തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നു.

മുസ്ലിം സ്ത്രീകളെ ഹിന്ദുക്കൾ ബലാത്സംഗം ചെയ്യണമെന്ന ബി.ജെ.പി മഹിളാ മോർച്ചാ നേതാവ് സുനിത സിംഗ് ഗൗഡിന്റെ പരാമർശത്തെ കുറിച്ചായിരുന്നു മുഫ്തിയുടെ ട്വീറ്റ്. 'മുസ്ലിം അമ്മമാരെയും സഹോദരിമാരെയും' ഹിന്ദു യുവാക്കൾ കൂട്ടം ചേർന്ന് പൊതുസ്ഥലത്ത് ബലാത്സംഗം ചെയ്യണമെന്നും അവരെ കൊന്ന്‌ കെട്ടിത്തൂക്കണമെന്നുമായിരുന്നു സുനിതയുടെ വാക്കുകൾ.ഇവരെ ബി.ജെ.പി പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

ഞായറാഴ്ചയാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സിക്കെതിരെയുള്ള തന്റെ എതിർപ്പ് മെഹ്ബൂബ മുഫ്തി ട്വിറ്റർ വഴി പരസ്യമാക്കുന്നത്. ഇന്ത്യയുടെ തുടർച്ചയായുള്ള വിജയത്തിന് തടസ്സമുണ്ടാക്കിയത് കാവി ജേഴ്‌സിയാണെന്നാണ് മുഫ്തി ആരോപിച്ചത്.'എന്നെ നിങ്ങൾ അന്ധവിശ്വാസി എന്ന് വിളിച്ചോളൂ. എന്നാലും ഞാൻ പറയുകയാണ്. ഇന്ത്യ ഇന്ന് ലോകകപ്പ് മത്സരത്തിൽ തോൽക്കാൻ കാരണം ആ ജേഴ്സിയാണ്.' മെഹ്ബൂബ മുഫ്തി തന്റെ ട്വീറ്റിലൂടെ പറഞ്ഞു. മുഫ്തിയുടെ ട്വീറ്റിനെതിരെ ബി.ജെ.പി, ശിവസേന നേതാക്കൾ രംഗത്ത് വന്നിരുന്നു.