bike

അടുത്ത വർഷം മുതൽ ഭാരത് സ്‌റ്റേജ് ആറ് നിലവാരത്തിലുള്ള വാഹനങ്ങൾ മാത്രം വിറ്റഴിക്കണമെന്ന നിബന്ധന നടപ്പിലാക്കുന്നതോടെ വാഹനവിപണിയിൽ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള വിലക്കുറവ് പ്രകടമാകുമെന്ന് വാഹന നിർമാതാക്കൾ. ആഭ്യന്തര വിപണിയിലേക്ക് ബി.എസ്. നാല് സ്‌റ്റാൻഡേർഡ് അനുസരിച്ചുള്ള വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നത് വിലക്കുറവിന്റെ വിപ്ലവം സൃഷ്‌ടിക്കുമെന്ന് ബജാജ് ആട്ടോ ലിമിറ്റഡ് മുന്നറിയിപ്പ് നൽകി. മലിനീകരണ നിയന്ത്രണത്തിൽ ബി.എസ് ആറ് നിലവാരമുള്ള വാഹനം മാത്രമേ 2020 ഏപ്രിൽ മുതൽ വിൽക്കാൻ അനുവദിക്കൂ എന്ന തീരുമാനത്തിന്റെ പ്രത്യാഘാതം പ്രവചനാതീതമാവുമെന്നും കമ്പനി അഭിപ്രായപ്പെട്ടു. എന്തായാലും ഈ തീരുമാനത്തിന്റെ ഫലമായി നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കെട്ടിക്കിടക്കുന്ന സ്‌റ്റോക്ക് ഒഴിവാക്കാൻ നീതീകരിക്കാനാവാത്ത ആദായ വിൽപ്പന പ്രതീക്ഷിക്കാമെന്നും 2018 – 19ലെ വാർഷിക റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.

നിലവിൽ കമ്പനി പുറത്തിറക്കുന്ന മോട്ടോർ സൈക്കിളുകളും മൂന്ന് ചക്രവാഹനങ്ങളും ക്വാഡ്രിസൈക്കിളുമെല്ലാം 2020 ഏപ്രിലിന് മുമ്പ് ബി.എസ് ആറ് നിലവാരം കൈവരിക്കുമെന്നും ബജാജ് ഓട്ടോ വ്യക്തമാക്കി. എന്നാൽ ബി.എസ് ആറ് നിലവാരം കൈവരിക്കാൻ എതിരാളികൾ തയാറാണോ എന്നു വ്യക്തമല്ല. പോരെങ്കിൽ പല നിർമാതാക്കളുടെ പക്കലും ബി.എസ് നാല് നിലവാരമുള്ള സ്റ്റോക്ക് വൻതോതിൽ കെട്ടിക്കിടക്കാനും സാധ്യതയുണ്ട്. 2020 ഏപ്രിലിന് മുമ്പേ ഇവ വിറ്റഴിക്കാനുള്ള തീവ്രശ്രമം വമ്പൻ വിലക്കിഴിവിനു വഴി വയ്ക്കുമെന്നും ഇതു നിർമാതാക്കൾക്കാകെ ഹാനികരമാവുമെന്നും ബജാജ് ഓട്ടോ മുന്നറിയിപ്പ് നൽകി. എന്നാൽ ഏത് പ്രതിസന്ധിയെയും നേരിടാൻ കമ്പനി ഒരുക്കമാണെന്നും ബജാജ് അറിയിച്ചു.

നേരത്തെ, ബി.എസ് മൂന്നിൽ നിന്നും ബി.എസ് നാലിലേക്ക് മാറുന്നതിന് മുമ്പും വാഹന വിപണിയിൽ വൻ വിലക്കുറവ് അനുഭവപ്പെട്ടിരുന്നു.