ശ്രീനഗർ: കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 'ആർട്ടിക്കിൾ 370' അമിത് ഷായും രാം മാധവും അടങ്ങുന്ന ബി.ജെ.പി നേതാക്കൾ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. ഭരണഘടനയിലെ ഈ അനുച്ഛേദം ഒരു താത്കാലിക വ്യവസ്ഥ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ എന്നാണ് തരിഗാമി പറയുന്നത്.
ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാകുന്നത് ഭരണഘടനയിലുള്ള ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആണെന്നും ജമ്മു കാശ്മീരുമായുള്ള ബന്ധം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആർട്ടിക്കിൾ 370 ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നും തരിഗാമി പറഞ്ഞു. ഇത് താത്കാലിക നിബന്ധന അല്ലെന്നും ഭരണഘടനയുടെ അടിസ്ഥാന ഭാഗങ്ങളിൽ ഒന്നാണെന്നും തരിഗാമി കൂട്ടിച്ചേർത്തു. ഒരു മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമായിട്ടും പാകിസ്ഥാന്റെ ഭാഗമാകാതെ ഇന്ത്യയിലേക്ക് ജമ്മു കശ്മീർ ചേർന്നതും ആർട്ടിക്കിൾ 370 കാരണമാണെന്നും തരിഗാമി പറഞ്ഞു.
ആർട്ടിക്കിൾ 370 ഒരു താത്‌ക്കാലിക നിബന്ധന മാത്രമാണെന്നും അത് കാലാകാലം നിലനിൽക്കുന്നതല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ കഴിഞ്ഞ ദിവസം ലോക്സഭയിൽ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളെ പോലെ പരിഗണിക്കാൻ ആകില്ളെന്നും ആർട്ടിക്കിൾ 370 കണക്കിലെടുക്കേണ്ടതാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. ആർട്ടിക്കിൾ 370 ഭരണഘടനയിൽ നിന്നും തങ്ങൾ എടുത്ത് കളയുമെന്ന് ബി.ജെ.പി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്തിരുന്നു.