food

ചെന്നൈയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെട്ടിനാടൻ വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്‌ളോഗറായ വിഷ്ണു എ.എസ് നായർ. സൗകര്യങ്ങളൊന്നും ഇല്ലങ്കിലും രുചിപ്പെരുമയിൽ ചെന്നൈയിലെ ആഹാര പ്രേമികളുടെ സ്വർഗമായ 'കട്ടയൻ മെസ്സിന്റെ' കഥയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തുള്ള കട്ടയൻ ചെട്ടിയാരുടെ രുചിയിടത്തിലേക്ക് പോകാൻ മറക്കരുതെന്നും ഓർമിപ്പിക്കുന്ന വിഷ്ണുവിന്റെ രുചികഥ നമുക്ക് വായിക്കാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു നൂറ്റാണ്ടിന്റെ രുചിപ്പെരുമയുമായി കട്ടയ്ക്ക് കട്ടയൻ മെസ്സ് ....

പകലോന്റെ അന്തിവെട്ടം മാഞ്ഞിട്ടും ഉറങ്ങാൻ കൂട്ടാക്കാത്ത നഗരം - ചെന്നൈ....
സിനിമാപ്രേമികളുടെയും ജീവിതമാർഗ്ഗം തേടിപ്പോയവരുടെയും മദിരാശിയെന്ന നാമം കാലങ്ങൾക്ക് പുറകേ വലിച്ചെറിഞ്ഞിട്ട് അവളിന്ന് ആധുനികതയുടെ വൽക്കലം ധരിച്ചിരിക്കുന്നു...
മെട്രോപൊളിറ്റൻ നഗരം...
അനുദിനം വികസനം ജീവിതത്തിന്റെ എല്ലാ ഭാഗഭാക്കുകളിലും അടിച്ചേല്പിക്കപ്പെടുന്ന സുന്ദര സുരഭില ചെന്നൈ മഹാനഗരം...
കുറച്ചും കൂടി കവിഭാവനയുടെ മേമ്പൊടി ചാർത്തിപ്പറഞ്ഞാൽ നമ്മുടെയൊക്കെ ശൃംഗാര ചെന്നൈ...

ഈ നഗരത്തിന് ഒരുപാട് കഥകൾ നമ്മോട് പറയാൻ കാണും... ജയത്തിന്റെ തോൽവിയുടെ കുതികാൽ വെട്ടിന്റെ ചതിയുടെ നേട്ടത്തിന്റെ നേരിന്റെ-നെറിയുടെ അങ്ങനെ പറഞ്ഞാൽ തീരാത്തത്ര കഥകൾ...
എന്നാൽ ഈ കഥ അല്ലെങ്കിൽ കഥാബിന്ദു സ്വതന്ത്ര-ഭാരതത്തിനും മുൻപുള്ളതാണ്.
ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് ചെട്ടിനാടൻ രുചിപ്പെരുമ തമിഴന്റെ നാവിലെത്തിച്ച ചെട്ടിയാരുടെ "കട്ടയൻ മെസ്സിന്റെ" കഥ...

ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും സുമാർ ഒന്നര കിലോമീറ്റർ വാൾടാക്സ് റോഡ് വഴി പോയാൽ റാസപ്പ ചെട്ടിയാർ തെരുവ് കാണാം... തെരുവ് കയറി അരക്കിലോമീറ്റർ മുന്നോട്ട് പോയാൽ വലതു വശത്തായാണ് തഞ്ചാവൂർ മിലിട്ടറി മെസ്സ് അഥവാ കട്ടയൻ മെസ്സ്...

food

1914 ലാണ് തഞ്ചാവൂർ സ്വദേശിയായ 'കട്ടയൻ ചെട്ടിയാരെന്ന' വ്യക്തി മദ്രാസിന്റെ മണ്ണിൽ ആരുമാരും ശ്രദ്ധിക്കാത്തിടത്ത് ഒരു കുഞ്ഞു ഭക്ഷണശാല തുടങ്ങിയത്.

രുചിയിടം തുടങ്ങി കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ കട്ടയന്റെ മെസ് സംസാര വിഷയമായി.
അതുവരെ ചെട്ടിനാടൻ രുചിപ്പെരുമ വീടുകളിൽ മാത്രമായി ഒതുങ്ങിയിരുന്നതിൽ നിന്നും വ്യത്യസ്തമായി തീ ഉപയോഗിക്കാതെ 'കനലിൽ' ചുട്ടെടുത്ത മുട്ട ദോശയും, നാട്ടുക്കോഴി പൊരിച്ചതും, മട്ടൻ വിഭവങ്ങളും കൊണ്ട് തമിഴരുടെ നാവിൽ രുചിമേളം കൊട്ടിക്കയറാൻ കട്ടയൻ മെസ്സിനു അധിക കാലം വേണ്ടി വന്നില്ല...

അക്കാലത്ത് ഭക്ഷണശാലകൾ ഒട്ടേറെയുണ്ടായിരുന്നെങ്കിലും മാംസാഹാരം ലഭിക്കുന്നവ തുലോം കുറവായിരുന്നു.
പാട്ടാളത്തിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ഇറച്ചി വിഭവങ്ങൾ ബാംഗ്ളൂർ മോഡൽ മിലിട്ടറി മെസ്സ് രീതിയിൽ ഇവിടെ സുലഭമായതോടെയും രുചിപ്പെരുമ നാടൊട്ടുക്ക് പരന്നത് കൊണ്ടും കട്ടയന്റെ മെസ്സിന്‌ തഞ്ചാവൂർ മിലിട്ടറി മെസ് എന്ന പേരും ചാർത്തി നൽകപ്പെട്ടു....

അങ്ങനെ കേട്ടറിഞ്ഞ് ഞാനും പുറപ്പെട്ടു കട്ടയന്റെ രുചിയിടത്തിലേക്ക്...

രണ്ട് ലോകമഹായുദ്ധങ്ങളും ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ വിസ്മരിക്കാനാവാത്ത മുഹൂർത്തങ്ങളും സംസ്ഥാന വിഭജനങ്ങളും ആഭ്യന്തര കലാപങ്ങളും രാഷ്ട്രീയ ചേരിപ്പോരുകളും ആകാശത്തിനു കീഴെ ചെന്നൈയുടെ അല്ലെങ്കിൽ തമിഴ്നാട്ടിന്റെ തന്നെ സ്പന്ദനത്തോട് ചേർന്ന് കഴിഞ്ഞ 105 വർഷങ്ങളായി തലയുയർത്തി നിൽക്കുന്ന ഒരു സ്മാരക തുല്യമായ രുചിയിടം !!

ചെന്നു കയറിയപ്പോൾ തന്നെ പടിക്ക് അടുത്തായി ചാക്കുകളിൽ കരി ശേഖരിച്ചു വച്ചിരിക്കുന്നു.
കാണുമ്പോൾ തന്നെ പുരികം ചുളിയുന്നൊരിടം !!..

ഉള്ളിൽ വളരെ സ്ഥലക്കുറവ്... ഏതാണ്ട് 120-130 sq. ft.. അതിൽ ആകെയുള്ളത് 6 ഇരിപ്പിടങ്ങൾ.. അതും കയ്യേറാൻ മണിക്കൂറുകൾ മുൻപേ വന്നെത്തിയവർ...
കൂടെ പാർസൽ വാങ്ങാൻ വന്നവരുടെ തിക്കും തിരക്കും..
ഇതിനിടയിൽ നീറുന്ന കനലുകൾ കത്തുന്ന അടുപ്പിന്റെ ചൂടും....
സ്വാഭാവികമായി മനം മടുക്കുന്ന അന്തരീക്ഷം...

കഴിക്കാൻ പോയാൽ എന്തൊക്കെ വന്നാലും കഴിക്കണം... അത് നിർബന്ധാ....
അതിനാൽ ഏതാണ്ട് 20 മിനുട്ട് കാത്തുനിന്നൊരു സീറ്റ് ഒപ്പിച്ചു...
ബെഞ്ചും സ്റ്റൂളുമാണ് ഇരിപ്പിടം.. മേശയില്ല...

food

എന്തു വേണമെന്ന തമിഴ് മൊഴിക്ക് ബദലായി കട്ടയന്റെ പ്രസിദ്ധമായ കറി ദോശയും മട്ടൻ ഓംലെറ്റും ഉത്തരവിട്ടു...

നീറുന്ന കനലിൽ വിരിച്ചിട്ട ഇരുമ്പ് തകിടിൽ എനിക്കുള്ള ദോശമാവ് പരത്തി അതിലേക്ക് നല്ല ഒന്നാംതരം മട്ടൻ കറി ഒഴിക്കപ്പെട്ടു... ഒന്ന് സൈറ്റായ ശേഷം വീണ്ടും ദോശമാവ് അതിന്റെ പുറത്തേക്ക് ഒഴിക്കപ്പെട്ടു...
തിരിച്ചും മറിച്ചുമിട്ട് പാകം വന്ന ശേഷം ഒരു വാഴയിലയിൽ സംഭവം മുന്നിലെത്തി.. കൂടെ എല്ലില്ലാത്ത മട്ടൻ കഷ്ണങ്ങൾ ചേർന്ന മട്ടൻ ഓംലെറ്റും.. എല്ലാം കൂടി 15 മിനുട്ട്...

വിഭവങ്ങൾ മുന്നിലെത്തിയപ്പോഴേക്കും ഇട്ടിരുന്ന ഷർട്ട് നനഞ്ഞു കുതിർന്ന് ശരീരത്തോട് ഒട്ടി തുടങ്ങി. കണ്ണിന്റെ താഴെ വിയർപ്പ് തുള്ളികൾ ഉരുണ്ടുകൂടാൻ തുടങ്ങി..

വിടില്ല ഞാൻ... ദോശ പിച്ചു വയ്ക്കാൻ പോലും പറ്റുന്നില്ല അത്രയ്ക്ക് ചൂട്...
കനലിൽ പാകപ്പെട്ട വിഭവമാണ് ഗ്യാസിലും മറ്റും ഉണ്ടാക്കിയത് പോലെ പെട്ടെന്ന് ചൂടാറില്ല...
അല്ലെങ്കിലും കനലായി ഉള്ളിലെരിയുന്ന പകയും സങ്കടങ്ങളും അത്ര പെട്ടെന്നൊന്നും തണുക്കില്ലല്ലോ !!

മിനിറ്റുകൾ നീണ്ട ശ്രമഫലമായി ഊതിയൂതി തണുപ്പിച്ച കറി ദോശ ലേശം പിച്ച് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ മുകളിലേക്കൊഴിച്ച 'സെർവ' (മട്ടൻ ഗ്രേവി)യിൽ കുതിർത്തു കഴിക്കണം...
അത്രയും നേരം നമ്മൾ അനുഭവിച്ച ദുരിതങ്ങളും കഷ്ടങ്ങളും ആ ഒരൊറ്റ നിമിഷം അലിഞ്ഞില്ലാതായി തീരും..
അത്രയ്ക്ക് രുചി...

food

ആ മസാലയും കുഞ്ഞുകുഞ്ഞായി കൊത്തിയരിഞ്ഞ മട്ടൻ കഷ്ണങ്ങളും കൊഴുത്ത സെർവയുടെ രുചിയും കൂടിച്ചേർന്ന് നാവിലൊരു 'ഡപ്പാൻകൂത്ത്' നടത്തും.. ഒരു രക്ഷയില്ല.. അനുഭവിച്ചു തന്നെ അറിയണം...

കൂടെ തന്ന മട്ടൻ ഓംലെറ്റ് വേറെ ലെവൽ.. പേരിന് മാത്രം ഇറച്ചിയെന്ന പൊതു വികാരത്തിന് എതിരായി 'ചന്നം പിന്നം' മട്ടൻ കഷ്ണങ്ങൾ... ആ മസാലയുടെ കൂട്ട് ഒരു രക്ഷയില്ല...

തീർന്നില്ല...
കൊതി മൂത്തപ്പോൾ വീണ്ടും പറഞ്ഞു ഒരു നാട്ടുക്കോഴി ബിരിയാണിയും നാട്ടുക്കോഴി ഫ്രൈയ്യും(നാട്ടുക്കോഴി = നാടൻ കോഴി)...

ഞാൻ കഴിച്ചിട്ടുള്ള ബിരിയാണികളിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ബിരിയാണികൾ പറഞ്ഞാൽ അതിലൊന്ന് കട്ടയൻ ചെട്ടിയാരുടെ രഹസ്യ രുചിക്കൂട്ടുകൾ ചേർന്ന ഈ ബിരിയാണിയും ഉണ്ടാകും...

നല്ല സ്വയമ്പൻ ബസുമതി അരിയിൽ പ്രത്യേക തലമുറകൾ തലമുറകളായി കൈമാറി വന്ന മസാലക്കൂട്ടുകൾ ചേർന്ന മഞ്ഞ ബിരിയാണി.
സാധാരണ മറ്റ് കടകളിൽ കിട്ടും പോലുള്ള വരണ്ട പ്രകൃതമല്ല..
വായിൽ വയ്ക്കുമ്പോൾ തന്നെ അലിഞ്ഞിറങ്ങി പോകുന്ന തരത്തിലുള്ള പരുവം...
നല്ല കിണ്ണം കാച്ചിയ രണ്ട് ഘടാഘടിയൻ നാടൻ കോഴി കഷ്ണങ്ങൾ, കൂടെ തിരുവനന്തപുരം ബിരിയാണിയെ അനുസ്മരിപ്പിക്കുന്ന മുട്ടയും... അടിപൊളി..
ചെന്നൈയിൽ വന്നാൽ ഒരിക്കലും ഈ ബിരിയാണി കഴിക്കാതെ പോകരുത്... A must try item !!!

നാട്ടുക്കോഴി ഫ്രൈ... ചെന്നൈയിലെ കോഴി പൊരിച്ചത് കഴിച്ചിട്ടുള്ളവർക്ക് അറിയാമായിരിക്കും,കേരളത്തിൽ നിന്നും വിഭിന്നമായി നമ്മൾ റോസ്റ്റ് പരുവമെന്നു പറയുന്നതാണ് ചെന്നൈക്കാരുടെ ഫ്രൈ...

നല്ല കിടുക്കാച്ചി ഫ്രൈ..
എല്ലിന് നീളം കൂടുതലുള്ള നാടൻ കോഴിയുടെ കഷ്ണങ്ങളിൽ ഇന്നും കട്ടയൻ ടീമിന്റെ മാത്രം രഹസ്യമായ മസാലക്കൂട്ട്..
ആ അരപ്പൊന്നു തൊട്ട് നാവിൽ വയ്ക്കണം... ഈരേഴു പതിനാലു ലോകത്തിലെ വിഭവങ്ങൾ മുന്നിൽക്കൊണ്ട് വച്ചാലും കട്ടയന്റെ മസാലക്കൂട്ട് വേറെ ലെവൽ തന്നെ...
ചേർത്തിരിക്കുന്ന ഒന്നും കൂടുതലല്ല എന്നാൽ എന്തിന്റെയൊക്കെയോ കുത്ത് ആ മസാലയിലുണ്ട്...
കൊമ്പനെ വടി വച്ചു നിർത്തിയത് പോലുള്ള എരിവും പുളിയും.. പിന്നെ ചെട്ടിനാടന്റെ കയ്യൊപ്പായ മസാലയുടെ മേൽക്കോയ്മയും... ഒരു രക്ഷയില്ല.. കിടുക്കാച്ചി !!

മുന്നിലെ വാഴയിലയിൽ എന്തേലും കുറവ് കണ്ടാൽ ഓടിയെത്തുന്ന മെസ്സ് യൂണിഫോം ധരിച്ച അണ്ണന്മാരും മാമന്മാരും.
ചോദിക്കാതെ തന്നെ തൊടുകറികളും സെർവയും മറ്റും തീരുന്നതനുസരിച്ചു മുന്നിലെത്തും. സ്വരമൊക്കെ കടുപ്പം നിറഞ്ഞതാണെങ്കിലും ഇരിക്കുന്നവരെ ശ്രദ്ധിക്കാൻ സമയം നല്ല രീതിയിൽ അവർ ഉള്ളതുപോലെ സമയം കണ്ടെത്തുന്നുണ്ട്....

വിലവിവരം....

കറി ദോശ :- ₹.140/-
മട്ടൻ ഓംലെറ്റ് :- ₹.120/-
നാട്ടുക്കോഴി ബിരിയാണി :- ₹.170/-
നാട്ടുക്കോഴി ഫ്രൈ :- ₹.150/-

കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ വിലയുടെ തട്ട് ഒരൽപ്പം ഉയർന്നു തന്നെയാണ് നില്ക്കുന്നത് അത് സത്യം,യാതൊരു സംശയവും വേണ്ട.. പക്ഷെ രുചി, അത് ഗ്യാരന്റി....
ഒരു പക്ഷേ ഞാൻ കഴിച്ചിട്ടുള്ള ഹോട്ടലുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഹോട്ടലുകളിലൊന്ന്, കാരണം ആധികാരികമായ ചെട്ടിനാടൻ രുചിയുടെ 'രുചിക്കുറവിൽ' എന്റെ നാവിനെ ചകിതനാക്കിയത് ഈയൊരു ഹോട്ടൽ മാത്രം !!

കഴിഞ്ഞ 105 വർഷങ്ങളായി, നാല് തലമുറകളൾ മലക്കം മറിഞ്ഞ് ഈ കുഞ്ഞൻ രുചിയിടം പ്രവർത്തിക്കാൻ തുടങ്ങിയിട്ട്..
കട്ടയൻ ചെട്ടിയാർ - മകൻ ഗോവിന്ദസ്വാമി ചെട്ടിയാർ - മകൻ കുമാരവേൽ ചെട്ടിയാർ - മകൻ ഗംഗാധരൻ ചെട്ടിയാർ ഇങ്ങനെ പോകുന്നു തലമുറകൾ..


തുടക്കകാലത്ത് ഉപയോഗിച്ചിരുന്നത് പോലുള്ള കനൽ അടുപ്പുകളും കരി കത്തിച്ച തീയുമാണ് പാചകത്തിന് ഇന്നും ഉപയോഗിക്കുന്നത്. കുടിക്കാനുള്ള വെള്ളം അന്നുമിന്നും ചെമ്പ്-ഓട്ടു പാത്രങ്ങളിലാണ് നൽകുന്നത്.

മുൻപ് ഇതേ തെരുവിൽ കുറച്ചു മാറിയായിരുന്നു സ്ഥാനമെങ്കിലും കഴിഞ്ഞ 82 വർഷങ്ങളായി ഇപ്പോഴത്തെ സ്ഥലത്താണ് പ്രവർത്തനം...

രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന കട വൈകുന്നേരം മൂന്ന് മണി വരെ കാണും.. ശേഷം ആറ് മണി മുതൽ പത്തു മണി വരെ..
തുടങ്ങിയ കാലം മുതൽക്കേ പ്രശസ്‌തമായ മട്ടൻ പുലാവ്, മുട്ട ദോശ എന്നിവയ്ക്കാണ് ഇന്നും ആരാധകർ കൂടുതൽ.
മട്ടൻ പുലാവ് വേണമെങ്കിൽ നേരത്തെ ചെല്ലണം ഇല്ലെങ്കിൽ വിളിച്ചു മാറ്റിവയ്ക്കാൻ പറയണം.. അത്രയ്ക്ക് ജനപ്രിയമാണ് ഇവിടുത്തെ മട്ടൻ പുലാവ്.
ബുധനാഴ്ചയും ഞായറാഴ്ചയും 'മട്ടൻ പായ' എന്ന വിഭവം ലഭ്യമാണ്..
ഇവയെക്കൂടാതെ മീൻ പൊരിച്ചത്, എറ ഫ്രൈ(എറ = കൊഞ്ച്), കിഡ്നി ഫ്രൈ, ബ്രെയിൻ ഫ്രൈ, മട്ടൻ ചുക്ക, മട്ടൻ കയ്മ, പായ, മട്ടൻ വട തുടങ്ങി ഒട്ടേറെ വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്...

പ്ലാസ്റ്റിക്ക് ലവലേശം ഉപയോഗിക്കുന്നില്ല എന്നുള്ളതും കട്ടയൻ മെസ്സിന്റെ മറ്റൊരു പ്രത്യേകതയാണ്...
അപ്പോൾ ചോദ്യം പാർസൽ എങ്ങനെ കൊടുക്കുമെന്നല്ലേ ??
രണ്ട് പോംവഴികളുണ്ട് ഒന്നുകിൽ ആളുകൾ വീട്ടിൽ നിന്നും തന്നെ പാത്രം കൊണ്ടു വരണം ഇല്ലെങ്കിൽ ഉണങ്ങിയ വട്ടയിലയിൽ വാഴയിലയിൽ വച്ച് നൂൽ കൊണ്ടുകെട്ടി പൊതിഞ്ഞു കൊടുക്കും. അത്ര തന്നെ...

ചൂടോ, തിരക്കോ എന്ത് മാരണങ്ങൾ മുന്നിലുണ്ടെങ്കിലും എന്തൊക്കെ പോരായ്മകൾ മുന്നിലുണ്ടെങ്കിലും ആളുകളുടെ വരവിന് ഒരു കുറവുമില്ല... കുറഞ്ഞത് 10 പേരെങ്കിലും പാർസലിനായി എപ്പോഴും ഇവിടെക്കാണും... ഞായറാഴ്ചയാണെങ്കിൽ പിന്നെ പറയണ്ട.. കൂടോടെ ഇളകി വരും...
കഴിഞ്ഞ 30 മുതൽ 60 വർഷം വരെ സ്ഥിരമായി കട്ടയൻ മെസ്സിൽ നിന്നും ആഹാരം കഴിക്കുന്ന ഭക്ഷണപ്രിയരെ നമുക്ക് കാണാൻ കഴിയും...

പാരമ്പര്യം മുറുകെ പിടിക്കുന്നതിന് തെളിവായി ഇപ്പോഴും കട്ടയൻ മെസ്സിൽ കണക്ക് കൂട്ടാൻ ഉപയോഗിക്കുന്നത് രണ്ടാം തലമുറയിലെ ശ്രീ. ഗോവിന്ദസ്വാമി ചെട്ടിയാർ ഉപയോഗിച്ചിരുന്ന 'കണക്കു പലകയെന്ന' സ്ലേറ്റാണ്...
ഇതൊക്കെ കണ്ട് അത്ഭുതപ്പെട്ടാൽ കുറ്റം പറയാനുണ്ടോ...

അക്കമിട്ടു പറയാൻ കുറവുകളും പോരായ്മകളും ധാരാളമുണ്ടെങ്കിലും നെഞ്ചു വിരിച്ചു പറയാൻ ഇവർക്ക് രണ്ടേരണ്ടു വസ്തുതകൾ...
#പാരമ്പര്യം !!
#കൈപ്പുണ്യം !!

അപ്പോൾ ഇനി ചെന്നൈ കാണാൻ വന്നാൽ കട്ടയൻ ചെട്ടിയാരുടെ രുചിയിടത്തിലേക്ക് പോകാൻ മറക്കണ്ട... പോയാൽ അന്ന് മനസ്സിലാകും കഴിഞ്ഞ ഒരു നൂറ്റാണ്ടോളം ഈ രുചിയിടം #പഞ്ചനക്ഷത്രങ്ങൾക്കും പരസ്യങ്ങൾക്കുമിടയിൽ എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് !
#ചെട്ടിനാടൻ രുചിയെന്തെന്ന് !!
#പാരമ്പര്യം എന്താണെന്ന് !!!

ഓർക്കുക :- തമിഴ്‌നാട്ടിലെ നാടൻ കോഴി വിഭവങ്ങൾക്ക് കേരളത്തിൽ നിന്നും വിഭിന്നമായി കട്ടി കുറവാണ്,പക്ഷേ എല്ലിൽ പറ്റിയിരിക്കുന്ന ഇറച്ചിയും സാധാ കോഴിയുടെ എല്ലിൽ നിന്നും വ്യത്യസ്തമായി നീളം കൂടിയ എല്ലുകളും ഇവയെ വേറിട്ടു നിർത്തുന്നു...
കൂടെയൊരു കാര്യം കൂടി തോല് കളയാത്ത കോഴിയിറച്ചിയാണ് ചെന്നൈയിൽ അധികവും ഉപയോഗിക്കപ്പെടുന്നത്...

സമയക്കുറവുള്ളവർ പാർസൽ വാങ്ങുന്നതാകും ഉചിതം..
കുടുംബവുമായി പോകുന്നതിനോട് യോജിപ്പില്ല.. പ്രത്യേകിച്ച് സ്‌ത്രീകളോടൊപ്പം... സൗകര്യങ്ങൾ വളരെ കുറവാണ്...

പാർക്കിങ് സ്ഥലമില്ല, വണ്ടി റോഡരുകിൽ വയ്‌ക്കേണ്ടി വരും !!

പാരമ്പര്യം മുറുകെ പിടിക്കുന്നതിനാൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, അമ്മാവാസി, കൃതിക തുടങ്ങിയ ദിവസങ്ങളിൽ കട അവധിയുമാണ്...
Pls note the point...

ലൊക്കേഷൻ :-
Tanjavur Military Hotel Kattayan Chettiar Hotel
No.75, New No.60, Old, Rasappa Chetty St, Edapalaiyam, Park Town, Chennai, Tamil Nadu 600003
044 2533 0955
https://maps.app.goo.gl/ESfsYX1pqH3fA1gt9