ബർമിംഗ്ഹാം: 338 റൺസ് ലക്ഷ്യവുമായി ഇംഗ്ളണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ചേസിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 31 റൺസിനായിരുന്നു തോൽവി. സെഞ്ച്വറി നേടി ഒാപ്പണർ രോഹിത് ശർമ്മയും (102) അർദ്ധസെഞ്ച്വറി കടന്ന് നായകൻ വിരാട് കൊഹ്ലിയും (66)പുറത്തായതോടെ പതറിയ ഇന്ത്യയെ രക്ഷിക്കാൻ യുവതാരങ്ങളായ ഹാർദിക്ക് പാണ്ഡ്യയും(45) റിഷഭ് പന്തും (32) പരിശ്രമിച്ചെങ്കിലും വലിയ ലക്ഷ്യം വെല്ലുവിളിയായി അവശേഷിച്ചു. പരിചയസമ്പന്നനായ ധോണി 45 റൺസുമായി പുറത്താകാതെ ക്രീസിലുണ്ടായിരുന്നിട്ടും ആവസാന ഘട്ടത്തിൽ കാറ്റുപോയ ബലൂണായി ഇന്ത്യ മാറി. ഇന്ത്യ ഇൗ ലോകകപ്പിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയതോടെ അയൽക്കാരായ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും സെമിസ്വപ്നങ്ങൾ കൂടിയാണ് തുലാസിലായത്.
ഈ ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യത നിലനിറുത്തിയപ്പോൾ ഇന്ത്യയുടെ സെമി പ്രവേശനം നീളുകയും ചെയ്തു. ബാറ്റിംഗ് കരുത്തിലാണ് വിരാട് കൊഹ്‌ലിയെയും സംഘത്തെയും ഇയോൻ മോർഗൻ ഞെട്ടിച്ചത്. മൽസരത്തിൽ ഇംഗ്ലണ്ടിന്റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നായകൻ ഇയോൻ മോർഗൻ. ഇന്ത്യയുടെ സ്പിൻ ജോടികളായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും ആക്രമിക്കാൻ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് കളിക്കളത്തിൽ നടപ്പാക്കാൻ കഴിഞ്ഞതാണ് തങ്ങൾക്കു നേട്ടമായതെന്ന് മോർഗൻ പറഞ്ഞു. ആദ്യ പവർപ്ലേയിൽ 47 റൺസ് മാത്രമേ ഇംഗ്ലീഷ് ഓപ്പണർമാരായ ജോണി ബെയർസ്‌റ്റോ- ജാസൺ റോയ് എന്നിവർക്കു നേടാൻ കഴിഞ്ഞിരുന്നുള്ളൂ.
എന്നാൽ, അടുത്ത 10 ഓവറിൽ 97 റൺസാണ് ഇരുവരും വാരിക്കൂട്ടിയത്. കുൽദീപിനെയും ചഹലിനെയും ഇവർ കണക്കറ്റ് ശിക്ഷിക്കുകയും ചെയ്തു. മൽസരത്തിൽ ചഹൽ 10 ഓവറിൽ 88ഉം കുൽദീപ് 72ഉം റൺസാണ് വിട്ടുകൊടുത്തത്. ഓരോ വിക്കറ്റ് മാത്രമേ ഇരുവർക്കും നേടാനായുള്ളൂ. കളിയുടെ 10 മുതൽ 20 വരെയുള്ള ഓവറാണ് മത്സരത്തിൽ ടേണിംഗ് പോയിന്റായതെന്ന് മോർഗൻ ചൂണ്ടിക്കാട്ടി. പത്തോ പതിനൊന്നോ ഓവറിൽ 100ന് അടുത്ത് റൺസാണ് ജാസൺ റോയിയും ജോണി ബെയർസ്‌റ്റോയും ചേർന്ന് നേടിയത്. പന്ത് ബാറ്റിലേക്ക് ശരിക്കും വരുന്നില്ലെന്ന് വ്യക്തമായതോടെ ഇരുവരും കടന്നാക്രമിക്കുകയായിരുന്നു.
വിക്കറ്റിനെ ചിലപ്പോൾ ഫ്‌ളാറ്റെന്നു തോന്നിപ്പിക്കുന്ന തരത്തിലേക്കു മാറ്റാൻ ജാസണിനും ജോണിക്കും കഴിയും. ഇരുവരുടെയും പ്രകടനം സ്വപ്‌നതുല്യമായ തുടക്കമാണ് തങ്ങൾക്കു നൽകിയത്. കളിയുടെ ആ ഘട്ടത്തിൽ തന്നെ ഇന്ത്യയേക്കാൾ തങ്ങൾ മുന്നിലെത്തിയതായും മോർഗൻ പറയുന്നു. സെമി ഫൈനലിലെത്താമെന്ന ആത്മവിശ്വാസമല്ല, മറിച്ച് ലോകകിരീടം തന്നെ ഉയർത്താൻ തങ്ങൾക്കാവുമെന്ന് ടീമിന് ഉറപ്പുവന്നതായും അദ്ദേഹം പറഞ്ഞു.
ഒരുഘട്ടത്തിൽ 400 കടന്ന് മുന്നേറുമെന്ന് കരുതിയ ഇംഗ്ളണ്ടിനെ അവസാന ഘട്ടത്തിലെ ബൗളിംഗ് പ്രകടനത്തിലൂടെ 337 ലൊതുക്കുകയായിരുന്നു ഇന്ത്യ. അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷമിയും ഒരു വിക്കറ്റുമാത്രമേ നേടാനായുള്ളൂവെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ നിയന്ത്രണം പാലിച്ച ബുംറയും ചേർന്നാണ് ഇംഗ്ളീഷ് കുതിപ്പിന്റെ വേഗം അല്പമെങ്കിലും കുറച്ചത്. ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിംഗിന് ഇറങ്ങിയപ്പോഴേ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ബുംറയ്ക്കും ഷമിക്കും ആദ്യ സ്പെല്ലിൽ വിക്കറ്റ് നേടാൻ കഴിഞ്ഞില്ല.
ആദ്യ പത്തോവറിൽ 46 റൺസ് നേടിയിരുന്ന ഇംഗ്ളണ്ട് പിന്നീട് തകർത്തടിക്കുകയായിരുന്നു. ബൗളിംഗ് ചേഞ്ചിൽ ചഹൽ എത്തിയതോടെ ബെയർ സ്റ്റോയും (111) റോയ്യും (66) തകർത്താടി. 23-ാമത്തെ ഒാവറിൽ മാത്രമാണ് ഇന്ത്യയ്ക്ക ആദ്യവിക്കറ്റ് നേടാൻ കഴിഞ്ഞത്. അപ്പോഴേക്കും ഇംഗ്ളണ്ട് ടീം 160 റൺസിൽ എത്തിയിരുന്നു. കുൽദീപിന്റെ പന്തിൽ ജഡേജയുടെ അവിശ്വസനീയ ക്യാച്ചിലൂടെ റോയ്യാണ് ആദ്യം പുറത്തായത്. 57 പന്തുകൾ നേരിട്ട് റോയ് ഏഴ് ഫോറുകളും രണ്ട് സിക്സുകളും പായിച്ചിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒന്നെങ്കിലും ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിലെത്താം.