ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " രാഷ്ട്രപതി 17-ാം ലോക്സഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഭാരതത്തിന്റെ വികസന കാഴ്ചപ്പാടിനുള്ള പ്രചോദനമായി അവതരിപ്പിച്ചത് ശ്രീനാരായണഗുരുവിന്റെ മഹത്തായ ഈ തത്വദർശനമായിരുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ലോകം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭാരതം.
ഈ ശാസ്ത്രയുഗത്തിൽ അതിരുകളില്ലാത്ത പ്രപഞ്ചസത്യത്തെക്കുറിച്ചുള്ള അന്വേഷണം. വളരെ ചെറിയൊരു ശതമാനം കോടീശ്വരന്മാരുടെ കൈകളിൽ സമ്പത്തിന്റെ മൃഗീയഭൂരിപക്ഷം ഉള്ള ഇന്ത്യ ശൗചാലയവും പാർപ്പിടവും വെള്ളവും വെളിച്ചവും ഗതാഗത സൗകര്യവുമില്ലാത്ത കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ ഇന്ത്യ, സവർണനും അവർണനും ന്യൂനപക്ഷവും പരസ്പരം വേർതിരിക്കുന്ന ഇന്ത്യ, നിരക്ഷരരുടെയും, വിശക്കുന്നവന്റെയും ഇന്ത്യ, ആകാശനൗകയിൽ പറക്കുന്നവന്റെയും, ഒപ്പം തന്നെ സ്വന്തം ഭാര്യയുടെ ചേതനയറ്റ ശരീരം കിലോമീറ്ററോളം തോളിൽ ചുമന്ന് നടക്കുന്നവന്റെയും ഇന്ത്യ. വിശന്ന് വലഞ്ഞ ആദിവാസി ഒരുപിടി ചോറിനു വേണ്ടി നാഴിയരി മോഷ്ടിച്ചതിന് അവനെ തല്ലിക്കൊന്നവരുടെ നാട്. പശുവിന്റെ പേരിൽ കലാപം നടത്തുന്നവരുടെ നാട്. ഓരോ ദിവസവും ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന് ബാഷ്പാഞ്ജലി അർപ്പിക്കുന്ന നാട്. ഭീകരവാദികളുടെയും തീവ്രവാദത്തിന്റെയും മാവോവാദികളുടെയും ഇന്ത്യ. 350 രൂപയുടെ ധനസഹായത്തിന് വേണ്ടി ആയിരം രൂപ മുടക്കി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവന്റെയും, വിവിധ ബാങ്കുകളിൽ കോടാനുകോടി രൂപയുടെ തിരിമറി നടത്തിയ കോടീശ്വരന്മാരുടെയും ഇന്ത്യ. കള്ളപ്പണക്കാരുടെയും, കരിഞ്ചന്തക്കാരുടെയും വാതുവയ്പ്പുകാരുടെയും നാട്. ഹൈടെക്കിലും, ബ്ലൂ ചിപ്പിലും കംപ്യൂട്ടറിലും രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്ന പുതിയ രാഷ്ട്രീയ പ്രൊഫഷണലുകളുടെ ഇന്ത്യ.
സ്വാതന്ത്ര്യം കിട്ടി 72 സംവത്സരങ്ങൾ പിന്നിട്ട നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് നടത്താൻ ശ്രമിച്ചത്. നിരവധി നയപരിപാടികളുടെ അടിസ്ഥാനത്തിൽ കോടാനുകോടി രൂപ വർഷം തോറും രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കുകയും അതിന് വേണ്ടി നിയമത്തിന്റെയും ചട്ടത്തിന്റെയും പിൻബലത്തിൽ ഓരോ പൗരന്റെയും വിയർപ്പിന്റെ വിഹിതം സ്വരൂപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് നമ്മുടെ വികസന കാഴ്ചപ്പാട്. ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ എന്തെല്ലാം പ്രത്യയശാസ്ത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഒറ്റയ്ക്കും കൂട്ടായും ഭരിച്ചു. എത്രയോ ഭരണകർത്താക്കൾ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച് ഏഴു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയുടെ ചരിത്രം നമ്മെ ഞെട്ടിപ്പിക്കുന്നു.
ഈ സന്ദർഭത്തിലാണ് ബഹുമാനപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ വളർച്ച ഗുരുദർശനത്തിന്റെ ശക്തിയിൽ മാത്രമേ സാധ്യമാകൂ എന്ന്. ശക്തവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ 130 വർഷങ്ങൾക്കപ്പുറം വിശ്വമാനവികതയുടെ മഹാസന്ദേശം നൽകിയ ഗുരുവിന്റെ തത്വദർശനത്തിന് മാത്രമേ സാധിക്കൂ എന്ന് ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചിരിക്കുന്നു. ജാതി ഭേദം ഇല്ലാതെ മതദ്വേഷം ഇല്ലാതെ ഈ ഭൂമിയിലെ മുഴുവൻ സമ്പത്തും വിഭവങ്ങളും ഒരമ്മയുടെ വയറ്റിൽ പിറന്ന മക്കളുടെ ഏകോദരസാഹോദര്യത്തോടെ പങ്കുവയ്ക്കുന്ന ഈ സമത്വ സന്ദേശം മാത്രമാണ് ഇനി ഇന്ത്യയുടെ വികസന കാഴ്ചപ്പാടിന്റെ ആധാരശിലയെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു. എല്ലാവരുടെയും ഒപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം ഈ കാഴ്ചപ്പാടിലേക്ക് സർക്കാരിനെ നയിച്ചത് ഗുരുസന്ദേശത്തിന്റെ ശക്തമായ സ്വാധീനമാണ്.
എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സംവിധാനത്തിന്റെയും ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുടെയും നിരവധി ശ്രീനാരായണഗുരു വിശ്വാസികളുടെയും നിരന്തരവും ആത്മാർത്ഥവുമായ ആശയപ്രചാരണത്തിന്റെ സ്വാധീനത്തിലാണ് കേന്ദ്രസർക്കാർ ഗുരുദർശനത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കാൻ തീരുമാനിച്ചത്.
ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തരവും ആഗോളതലത്തിലുള്ളതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഗുരുവിന്റെ ദാർശനിക സന്ദേശങ്ങൾക്ക് കഴിയും. അതിന് ഭാഷയോ, ദേശമോ, വർണമോ, ഋതുഭേദങ്ങളോ തടസമല്ല. അതാണ് ഗുരുവിന്റെ മതാതീത വിശ്വമാനവിക ദർശനം. അതുകൊണ്ട് തന്നെ ഈ നയപ്രഖ്യാപന പ്രസംഗത്തിന് ആഗോളതലത്തിൽ ഇന്നല്ലെങ്കിൽ നാളെ സ്വീകാര്യതയുണ്ടാവും. 130 വർഷം മുമ്പ് അരുവിപ്പുറത്ത് കുറിച്ചിട്ട ഈ സന്ദേശം ഇന്ന് ഇന്ത്യൻ പാർലമെന്റിൽ മുഴങ്ങിയെങ്കിൽ നാളെ അത് ലോകം എഴുതിവയ്ക്കും.
അധികാരം നിലനിറുത്താൻ ജാതി സമവാക്യങ്ങളെ തിരിച്ചും മറിച്ചും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ അടയാള ചിഹ്നങ്ങളെ അണുബോംബിനെപ്പോലെ പേടിക്കുന്ന രാഷ്ട്രീയ അടവ് നയങ്ങൾ പയറ്റുന്ന ഈ നാട്ടിൽ മനുഷ്യമോചന സിദ്ധാന്തം ഗുരുദർശനത്തിന്റെ ദീപ്തമായ പ്രകാശത്തിൽ മാത്രമാണെന്നു പറയാനുള്ള ചങ്കൂറ്റമാണ് നമ്മുടെ രാജ്യത്തിന്റെ സുരക്ഷ. അവിടെയാണ് ചേർത്ത് നിറുത്തലിന്റെയും സംരക്ഷിക്കലിന്റെയും പ്രത്യയശാസ്ത്രം. അവിടെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പങ്കുവയ്ക്കൽ. അവിടെയാണ് സമഗ്രവികസനത്തിന്റെ നയപ്രഖ്യാപനം. അതിരുകളില്ലാത്ത സാഹോദര്യത്തിനും അചഞ്ചലമായ വിശ്വാസത്തിനും രാജ്യത്തിന്റെയും പൗരന്റെയും സമഗ്രമായ വികസനത്തിനും വേണ്ടി ചരിത്രപരമായ ഈ നയപ്രഖ്യാപന പ്രസംഗത്തിന് സാദ്ധ്യമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം രാഷ്ട്രപതിക്കും സർക്കാരിനും കോടി പ്രണാമം.
(യോഗനാദം ജൂലായ് ഒന്ന് ലക്കത്തിലെ മുഖപ്രസംഗം)