karnataka

ബംഗളൂരു: കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് കോൺഗ്രസ് എം.എൽ.എമാർ നിയമസഭാംഗത്വം രാജിവച്ചു. ബെല്ലാരിയിലെ വിജയനഗർ എം.എൽ.എ ആനന്ദ് സിംഗ്, ഗോഖകിൽ നിന്നുള്ള രമേഷ് ജാർക്കിഹോളി എന്നിവരാണ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാജിവച്ചത്. ഇരുവരും ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. അതിനിടെ, കർണാടകത്തിൽ സർക്കാർ രൂപീകരണത്തിന് ബി.ജെ.പി നീക്കം ഊർജിതമാക്കിയതായാണ് സൂചന.

മുഖ്യമന്ത്രി കുമാരസ്വാമി സ്വകാര്യ സന്ദർശനത്തിന് അമേരിക്കയിലാണ്. അതിനിടെയാണ് സഖ്യ സർക്കാരിന്റെ നിലനിൽപ്പു തന്നെ ഭീഷണിയിലാക്കി രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ രാജി. ആനന്ദ് സിംഗ് രാവിലെ ഗവർണർക്കും, ജാർക്കിഹോളി വൈകിട്ട് നിയമസഭാ സ്പീക്കർക്കുമാണ് രാജിക്കത്ത് നൽകിയത്.

224 അംഗ ക‌ർണാടക നിയമസഭയിൽ 113 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ടതെന്നിരിക്കെ, ജനതാദൾ- കോൺഗ്രസ് സഖ്യ സർക്കാരിന് ഇപ്പോൾ കേവലം മൂന്ന് അംഗങ്ങളേ അധികമായുള്ളൂ. രണ്ട് എം.എൽ.എമാർ രാവിവച്ചതോടെ കോൺഗ്രസിന്റെ അംഗബലം 77 ആയി കുറഞ്ഞു. ജെ.ഡി.എസിന് 37 അംഗങ്ങളുണ്ട്. ബി.എസ്.പിയുടെയും രണ്ട് സ്വതന്ത്രരുടെയും കൂടി പിന്തുണയോടെയാണ് ഭരണപക്ഷത്തിന്റെ 116 എന്ന നില. പ്രതിപക്ഷ നിരയിൽ ബി.ജെ.പിക്ക് 105 അംഗങ്ങളുണ്ട്.

ഇന്നലെ രാജിവച്ച രമേഷ് ജാർക്കിഹോളി കോൺഗ്രസിലെ വിമതപക്ഷ നേതാവാണ്. തന്റെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്ന് കൂട്ടരാജി ഉണ്ടാകുമെന്ന് ജാർക്കിഹോളി നേരത്തേ തന്നെ പറഞ്ഞിരുന്നു. അതേസമയം, രണ്ടു തവണ മന്ത്രിസഭ വികസിപ്പിച്ചിട്ടും തനിക്ക് സ്ഥാനം ലഭിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് ആനന്ദ് സിംഗിന്റെ രാജി. നേരത്തേ വിമതനീക്കത്തെ തുടർന്ന് കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിൽ പാർപ്പിച്ചപ്പോൾ മറ്റൊരു എം.എൽ.എ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ചയാൾ കൂടിയാണ് ആനന്ദ്സിംഗ്.

ഈ മാസം 12ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് കർണാടകത്തിൽ വീണ്ടും രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

 സഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. കുമാരസ്വാമി സർക്കാർ സ്വയം നിലംപതിച്ചാൽ പുതിയ സർക്കാർ രൂപീകരിക്കാൻ സാദ്ധ്യതകൾ തേടും. വീണ്ടും തിരഞ്ഞെടുപ്പിന് സാദ്ധ്യതയില്ല- ബി.എസ്. യെദിയൂരപ്പ, കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ

 ജെ.ഡി.എസ്- കോൺഗ്രസ് സഖ്യ സർക്കാരിനെ വീഴ്ത്താമെന്ന് ബി.ജെ.പി പകൽക്കിനാവ് കാണുകയാണ്"- എച്ച്.ഡി. കുമാരസ്വാമി, മുഖ്യമന്ത്രി