പുതിയ കാലഘട്ടത്തിലെ താരങ്ങളിൽ മലയാള സിനിമയ്‌ക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടനാണ് ഷൈൻ ടോം ചാക്കോ. ഇതിഹാസയിൽ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇഷ്‌ക്, ഉണ്ട എന്നീ ചിത്രങ്ങളിൽ വരെയും പ്രേക്ഷകനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഷൈനിന്റേത്. എന്നാൽ ഇതിനിടയിൽ ദൗർഭാഗ്യവും ഷൈൻ ടോം ചാക്കോയുടെ ജീവിതത്തെ കടന്നു പോയി. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കോമ്പോഴാണ് താരത്തിന് ജയിലിൽ പോകേണ്ടി വന്നത്. ജീവിതത്തെ ആകെമാനം മാറ്റി മറിച്ച സംഭവമായിരുന്നു അതെന്ന് ഷൈൻ പറയുന്നു. തന്നെ കുടുക്കാനായി തെളിവുകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന് ഷൈൻ വെളിപ്പെടുത്തി. കേരള കൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.
'ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജിവിതത്തിൽ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതുദിവസത്തോളം ജയിലിൽ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നൽകി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകൾ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാൽ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്ന തടവുകാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസിൽ പെട്ടുപോയാൽ ഇനി ഒരിക്കലും തിരിച്ച് വരാൻ കഴിയില്ലെന്ന് ചിലർ പറയുമായിരുന്നു.
വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യർത്ഥിച്ചിട്ടും ജയിൽ സൂപ്രണ്ട് നിർബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളർന്നു പോയി. എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാൽ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം,വായിക്കുന്നത് ജയിലിൽ വച്ചാണ്. പൗലോ കൊയ്‌ലോയുടെ ദ ഫ്ളിപ്‌ത് മൗണ്ടൻ, പുസ്തകങ്ങൾ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്നറിഞ്ഞത് ആ ദിവസങ്ങളിലാണ്. മാദ്ധ്യമങ്ങളിൽ എന്റെ പേരിൽ വന്ന നിറംപിടിപ്പിച്ച കഥകളെല്ലാം അറിയുന്നത് പുറത്ത് വന്നതിനു ശേഷമാണ്. എന്നെ കുടുക്കാൻ ഉപയോഗിച്ച് തെളിവുകളെല്ലാം തന്നെ കെട്ടിച്ചമച്ചതായിരുന്നു. മറ്റാരെയാ കുടുക്കാൻ എറിഞ്ഞ വലയിൽ ഞാൻ ചെന്നുവീണതാവാനും സാധ്യതയുണ്ട്, എല്ലാം കോടതിയിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു'- ഷൈൻ പറയുന്നു.
അഭിമുഖത്തിന്റെ പൂർണം രൂപം ജൂലായ് ലക്കം ഫ്ളാഷ് മൂവിസിൽ വായിക്കാം.