തൊടിയൂർ: വിധിയോട് പടവെട്ടി ലോക സ്പെഷ്യൽ ഒളിമ്പിക്‌സിൽ മെഡൽ നേടിയ ആര്യ ജീവിതത്തിന്റെ ട്രാക്കിൽ മുന്നേറാനുള്ള വഴിയറിയാതെ പതറുമ്പോൾ അവളുടെ നേട്ടം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
രണ്ട് കൊല്ലം മുമ്പ് പിതാവ് മരിച്ചശേഷം അയൽ വീടുകളിൽ അടുക്കളപ്പണി ചെയ്താണ് അമ്മ വിജയശ്രീ ആര്യയെ ദുബായിൽ നടന്ന ലോക സ്പെഷ്യൽ ഒളിമ്പിക്‌സിൽ മത്സരിക്കാൻ പ്രാപ്തയാക്കിയത്. അവിടെ 100, 200 മീറ്ററുകളിൽ വെള്ളി നേടി. 2018ൽ ഭുവനേശ്വറിൽ നടന്ന ദേശീയ സ്പെഷ്യൽ ഒളിമ്പിക്സിൽ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. പക്ഷേ സർക്കാരിന്റെയോ കായിക വകുപ്പിന്റെയോ ഭാഗത്തുനിന്ന് ഒരു നല്ല വാക്കുപോലും ആര്യയ്ക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ തുടർ പരിശീലനത്തിന് വഴിയില്ലാതെ വിഷമിക്കുകയാണ് ഇൗ കൗമാരതാരം.
കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശേരിൽ പുത്തൻവീട്ടിൽ പരേതനായ വേണുവിന്റെ രണ്ടു പെൺമക്കളിൽ ഇളയവളാണ് ആര്യ. തൊടിയൂർ എസ്.എൻ.വി എൽ.പി സ്കൂളിലായിരുന്നു നാലാം ക്ലാസു വരെ പഠനം. അദ്ധ്യാപകരാണ് ആര്യ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് ശാസ്താംകോട്ട മനോവികാസ് സ്കൂളിലാക്കിയത്. ഇപ്പോൾ പത്താം ക്ലാസിലാണ്. അവിടത്തെ കായികാദ്ധ്യാപിക ഗിരിജയാണ് ആര്യയിലെ ഓട്ടക്കാരിയെ കണ്ടെത്തിയത്. സ്കൂൾ അധികൃതർ പ്രോത്സാഹനം നൽകി ജില്ലാ സ്പോർട്സ് കൗൺസിലിലെ കോച്ച് അവിനാഷ് കുമാറിന് കീഴിൽ പ്രത്യേക പരിശീലനത്തിനയച്ചു. തുടർന്നാണ് സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ മെഡലണിഞ്ഞത്.
മകൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള സാമ്പത്തികശേഷി വിജയശ്രീക്കില്ല. മറ്റുള്ളവരുടെ ദയാവായ്പിനായി കൈനീട്ടാനേ കഴിയൂ. സ്ഥലം എം.എൽ.എ ആർ. രാമചന്ദ്രൻ വിഷയം അധികാരികളെ അറിയിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. നേട്ടങ്ങളിലേക്ക് മുന്നേറാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയും മകളും.