gst

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌രംഗത്ത് നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്ക് താഴേക്ക് ഇടിഞ്ഞു. 99,939 കോടി രൂപയാണ് ജൂണിൽ കേന്ദ്രസർക്കാർ സമാഹരിച്ചത്. മേയിൽ 1,00,289 കോടി രൂപ ലഭിച്ചിരുന്നു. തുടർച്ചയായി മൂന്നു മാസങ്ങളിൽ ഒരുലക്ഷം കോടി രൂപയ്ക്കുമേൽ ലഭിച്ച ശേഷമാണ് ജൂണിലെ തളർച്ച. അതേസമയം, 2018 മേയിൽ സമാഹരിച്ചത് 95,610 കോടി രൂപയായിരുന്നു.

ക്ഷേമപദ്ധതികൾക്കും സംസ്‌ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനും ആവശ്യമായ തുക ഉറപ്പാക്കാനായി, പ്രതിമാസം ഒരുലക്ഷം കോടി രൂപയ്‌ക്കുമേൽ ജി.എസ്.ടി വരുമാനം ലഭിക്കേണ്ടത് കേന്ദ്രത്തിന് അനിവാര്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) കേന്ദ്രം ലക്ഷ്യമിട്ട ജി.എസ്.ടി സമാഹരണം 12.50 ലക്ഷം കോടി രൂപയായിരുന്നു; 11.77 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ശരാശരി പ്രതിമാസം 98,114 കോടി രൂപ. നടപ്പുവർഷം ശരാശരി ഒരുലക്ഷം കോടി രൂപവച്ച്, 12 ലക്ഷം കോടി രൂപയാണ് ലക്ഷ്യം. കഴിഞ്ഞമാസം സമാഹരണം ശരാശരിയേക്കാൾ താഴ്‌ന്നതോടെ, ലക്ഷ്യം നേടുക ഇക്കുറിയും പ്രയാസമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വിവിധ ഉത്‌പന്നങ്ങളുടെയും സേവനങ്ങളും ജി.എസ്.ടി ഇനിയും കുറയ്‌ക്കണമെന്ന ആവശ്യവും ശക്തമാണ്. നികുതി കുറച്ചാൽ, വരുമാനം വീണ്ടും ഇടിയുമെന്ന പ്രതിസന്ധിയുമുണ്ട്. കഴിഞ്ഞമാസത്തെ മൊത്തം സമാഹരണത്തിൽ 47,772 കോടി രൂപയും സംയോജിത ജി.എസ്.ടിയാണ് (ഐ.ജി.എസ്.ടി). കേന്ദ്ര ജി.എസ്.ടിയായി 18,366 കോടി രൂപയും സംസ്‌ഥാന ജി.എസ്.ടിയായി 25,343 കോടി രൂപയും ലഭിച്ചു. 8,457 കോടി രൂപ സെസ് ഇനത്തിലും കേന്ദ്രം നേടി.

₹11.77 ലക്ഷം കോടി

കഴിഞ്ഞ സാമ്പത്തിക വ‌ർഷം ജി.എസ്.ടിയായി കേന്ദ്രം സമാഹരിച്ചത് 11.77 ലക്ഷം കോടി രൂപ. ശരാശരി പ്രതിമാസ വരുമാനം 98,114 കോടി

₹1 ലക്ഷം കോടി

ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനും സംസ്‌ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനും നടപ്പുവർഷം കേന്ദ്രത്തിന് വേണ്ടത് പ്രതിമാസം ഒരുലക്ഷം കോടി രൂപയുടെ ജി.എസ്.ടി സമാഹരണം.