ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരിനു ഭീഷണി ഉയർത്തി എം.എൽ.എമാരുടെ രാജി തുടരുന്നു. ഇന്ന് രാവിലെ രാജി പ്രഖ്യാപിച്ച് കോൺഗ്രസ് എം.എൽ.എ ആനന്ദ് സിംഗിന് പിന്നാലെ വിമത നീക്കത്തിന് നേതൃത്വം നൽകിയ രമേശ് ജാർക്കിഹോളിയും രാജിച്ചു. വൈകിട്ടായിരുന്നു രമേശ് ജാർക്കിഹോളി സ്പീക്കർക്ക് രാജി സമർപ്പിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് എം.എൽ.എമാരുടെ രാജി.
ഇതോടെ സർക്കാർ വീണാൽ പുതിയ സർക്കാരുണ്ടാക്കാൻ തയ്യാറാമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ അറിയിച്ചു. ബെല്ലാരി വിജയനഗറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആനന്ദ് സിംഗാണ് തിങ്കളാഴ്ച ആദ്യം രാജിവച്ചത്. സ്പീക്കർ കെ.ആർ.രമേഷ് കുമാറിനു രാജിക്കത്തു നൽകി. വൈകിട്ടാണു രമേഷ് ജാർക്കിഹോളി രാജിവച്ചത്. മുംബയിലുള്ള അദ്ദേഹം സ്പീക്കർക്കു രാജിക്കത്ത് ഫാക്സ് ചെയ്തെന്നാണു റിപ്പോർട്ട്.
സർക്കാർ സ്വയം താഴെ വീഴുകയാണെങ്കിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതകൾ തേടുമെന്നും വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യതയില്ലെന്നും മുൻ മുഖ്യമന്ത്രിയും കർണാടക ബി.ജെ.പി അദ്ധ്യക്ഷനുമായ യെദ്യൂരപ്പ വ്യക്തമാക്കി. അതേസമയം സർക്കാരിനെ വീഴ്‍ത്താമെന്നത് പകൽക്കിനാവ് മാത്രമാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു. രാജിവച്ച എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നു റിപ്പോർട്ടുണ്ട്.