two-wheeler

പുതിയ ഇരുചക്ര വാഹനങ്ങൾ മേടിക്കുന്ന ഉപയോക്താവിന് തനിക്ക് സൗജന്യമായി ലഭിക്കേണ്ട സാമഗ്രികളെ കുറിച്ച് കൃത്യമായി അറിവില്ല എന്നതാണ് സത്യം. മിക്കപ്പോഴും കിട്ടുന്ന സാധനങ്ങളിൽ പലരും തൃപ്തരാവുകയാണ് ചെയ്യുന്നത്. എന്നാൽ ചിലയിടങ്ങളിൽ ബെെക്ക് മേടിക്കുമ്പോൾ ഹെൽമറ്റ് പോലും ഉപയോക്താവിന് ലഭിക്കുന്നില്ല. ചില സ്ഥാപനങ്ങൾ ഹെൽമറ്റ് മാത്രം നൽകി മറ്റുള്ള പാ‌ട്സുകൾക്ക് വില ഈടാക്കാറുമുണ്ട്.

ഇപ്പോൾ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി കേരളാ പോലീസിന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേരളത്തിൽ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിർമാതാക്കൾ ഹെൽമറ്റ് വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം രജിസ്റ്റിർ ചെയ്ത് നൽകിയാൽ മതിയെന്നാണ് ട്രാന്‍സ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഇപ്രകാരം പ്രവർത്തിക്കാത്ത ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടിയും സൗജന്യമായി നൽകണമെന്നാണ് നിർദേശമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.