ലണ്ടൻ: ലോകകപ്പിൽ വീണ്ടും ഇന്ത്യയ്ക്ക് പരിക്കന്റെ പണി. പരിക്കേറ്ര വിജയ് ശങ്കറിന് ഇനി ലോകകപ്പിൽ കളിക്കാനാകില്ല. പകരം കർണാടക ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്താൻ ബി.സി.സി.ഐയ്ക്ക് ഐ.സി.സി അനുമതി നൽകി. പരിക്ക് മൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് വിജയ്. നേരത്തേ ഓപ്പണർ ശിഖർ ധവാനെയും പരിക്കിനെ തുടർന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോർക്കർ ഇടത്തേക്കാലിന്റെ തള്ളവിരലിൽക്കൊണ്ടാണ് വിജയ്‌ക്ക് പരിക്കേറ്റത്. വിജയ്‌യുടെ പരിക്ക് ഭേദമാകാൻ മൂന്നാഴ്ച സമയമെടുക്കുമെന്നാണ് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. മുൻ മത്സരങ്ങളിൽ നിറം മങ്ങിയതിനാൽ വിജയ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ധവാന് പകരം ടീമിലെടുത്ത റിഷഭ് പന്തായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയ്ക്ക് പകരമിറങ്ങിയത്. തലവേദനയായ നാലാം നമ്പറിൽ ഇറങ്ങിയ പന്ത് 29 പന്തിൽ 4 ഫോറുൾപ്പെടെ 32 റൺസ് നേടിയിരുന്നു.
ഇന്ന് ബംഗ്ലേദേശിനെതിരായ മത്സരം നടക്കുന്ന ബിർമിംഗ്ഹാമിലെത്തി മായങ്ക് ഇന്ത്യൻ ടീമിനൊപ്പെം ചേരും. വിജയ് ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും. ഇന്ന് ബംഗ്ലാദേശിനെതിരയും ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരെയുമാണ് ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് മത്സരങ്ങൾ അവശേഷിക്കുന്നത്.
പരിക്ക് നേരത്തേ
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെയാണ് വിജയിക്ക് പരിക്കേറ്റത്. എന്നാൽ അഫ്ഗാനെതിരയും വെസ്റ്റിൻഡീസിനെതിരെയും വിജയ് കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് വിജയ് പുറത്തിരുന്നത്. വിജയ്‌യുടെ മോശം പ്രകടനത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് വിമർശനമുയരുന്നതിനിടെയാണ് അദ്ദേഹത്തെ പരിക്ക് മൂലം ടീമിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത് വന്നത്.
അപ്രതീക്ഷിതം മായങ്ക്
റിസർവ് ലിസ്റ്റിൽ പോലുമില്ലാതിരുന്ന മായങ്ക് അഗർവാളിനെ വിജയ്ക്ക് പകരം ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി. റിസർവ് ലിസ്റ്റിൽ ഉണ്ടായിരുന്ന പരിചയ സമ്പന്നൻ അമ്പാട്ടി റായ്ഡുവിനെ തഴഞ്ഞാണ് ഓപ്പണർകൂടിയായ മായങ്കിനെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക്ക്കായി ഒരു ഏകദിന മത്സരത്തിൽ പോലും മായങ്ക് ഇതുവരെ കളിച്ചിട്ടില്ല. 2 ടെസ്റ്റുകളിൽ മാത്രമേ മായങ്ക് ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുള്ളൂ. ഇത്തവണത്തെ ഐ.പി.എല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനായി പുറത്തെടുത്ത പ്രകടനവും കഴിഞ്ഞ വർഷം ഇന്ത്യൻ എയ്ക്കൊപ്പം നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിൽ നടത്തിയ മികച്ച ബാറ്രിംഗുമാണ് മായങ്കിൽ സെലക്ടർമാർ വിശ്വാസം അർപ്പിക്കാനുള്ള കാരണം. മൂന്നാം ഓപ്പണർ എന്ന രീതിയിലും മായങ്ക് ടീമിന് മുതൽക്കൂട്ടാണ്. ധവാന് പകരം ഓപ്പണറായ രാഹുൽ നിറം മങ്ങുന്നതും അദ്ദേഹത്തിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പരിക്കേറ്രതും മായങ്കിന് തുണയായി.
വിജയ് ലോകകപ്പിൽ
മത്സരം -3
റൺസ് - 58
വിക്കറ്റ് -2
ക്യാച്ച് -2
ഉയർന്ന സ്കോർ -29
സ്ട്രൈക്ക് റേറ്ര് -77.33
ബാറ്രിംഗ് ആവറേജ് -29.00