stalin

ചെന്നൈ: രാജ്യസഭയിലേക്കുള്ള മൂന്ന് സീറ്റുകളിലേക്ക് ഡി.എം.കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മരുമലർച്ചി ദ്രാവിഡ മുന്നേറ്റകഴകം (എം.ഡി.എം.കെ) അദ്ധ്യക്ഷൻ വൈകോ, ഡി.എം.കെ നേതാക്കളായ എം. ഷൺമുഖം, ബി. വിൽസൺ എന്നിവരാണ് രാജ്യസഭയിലേക്കുള്ള ഡി.എം.കെയുടെ സ്ഥാനാർത്ഥികൾ. ഈ മാസം 18നാണ് തമിഴ്നാട്ടിൽ രാജ്യസഭാ തിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് എം.ഡി.എം.കെയ്ക്ക് രാജ്യസഭാ സീറ്റ് നൽകിയത്. 15 വർഷങ്ങൾക്കുശേഷമാണ് വൈകോ രാജ്യസഭയിലെത്താൻ തയ്യാറെടുക്കുന്നത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഡി.എം.കെയുടെ പിന്തുണയോടുകൂടി തമിഴ്നാട്ടിൽ നിന്ന് രാജ്യസഭാംഗമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. നേരത്തേ മൻമോഹൻ അസാമിൽനിന്നാണ് രാജ്യസഭയിലെത്തിയതെങ്കിലും നിലവിൽ വിജയസാദ്ധ്യത തേടിയാണ് തമിഴ്നാട്ടിൽനിന്ന് മത്സരിപ്പിക്കാനുള്ള നീക്കം നടന്നത്. എന്നാൽ, ഒഴിവുള്ള മൂന്ന് സീറ്രിലേക്കും ഡി.എം.കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ആ സാദ്ധ്യത അടഞ്ഞിരിക്കുകയാണ്.