കൊച്ചി : മഹാരാജാസ് കോളേജിൽ നിർമ്മിച്ച അഭിമന്യു സ്മാരകത്തിന്റെ അനാച്ഛദനം തടയണമെന്ന കെ.എസ്.യുവിന്റെ ഹർജി ഹൈക്കോടതി തള്ളി. കോളേജിന്റെ കാര്യങ്ങളിൽ കോടതി അല്ല പ്രിൻസിപ്പൽ ആണ് തീരുമാനമെടുക്കേണ്ടതെന്നും നിയമലംഘനങ്ങളുണ്ടോ എന്ന കാര്യം പിന്നീട് വേണമെങ്കിൽ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന ജൂലായ് രണ്ടിനാണ് സ്മാരകം അനാച്ഛാദനം ചെയ്യുന്നത്. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
സർക്കാർ കോളേജിലെ ഭൂമി കൈയേറിയാണ് ഒരു വിദ്യാർത്ഥി സംഘടന നിർമാണം നടതക്തുന്നതെന്ന് കാണിച്ചാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച അനാച്ഛാദന ചടങ്ങിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതെ നോക്കണമെന്നും കോടതി നിർദ്ദേശം നല്‍കി.
കോളേജ് കാമ്പസിനകത്ത് സുഭാഷ് പാർക്ക് സ്തൂപത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. കാമ്പസിനുള്ളിൽ ഇത്തരമൊരു നിർമ്മാണം നടക്കുന്നതിനെതിരേ പരാതിയുമായി സമീപിച്ചപ്പോൾ അനുമതിയോടെയല്ല നിർമ്മാണം നടക്കുന്നതെന്നാണ് കോളേജ് അധികാരികൾ പറഞ്ഞതെന്ന് കെ.എസ്.യു. നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ സ്മാരകം പണിയുന്നത് സംഘടന അല്ലെന്നും വിദ്യാർത്ഥി കൂട്ടായ്മയാണെന്നുമാണ് എസ്.എഫ്.ഐയുടെ വിശദീകരണം