fenando-

ലണ്ടൻ: അവിഷ്ക ഫെർണാണ്ടോയുടെ കന്നി സെഞ്ച്വറിയുടെ മികവിൽ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് അടിച്ചുകൂട്ടിയത്. ഫെർണാണ്ടോയ്ക്ക് പുറമേ (104),​ കുശാൽ പെരേര (64), കുശാൽ മെൻഡിസ് (39), ദിമുത് കരുണരത്നെ (31),​ എയ്ഞ്ചലോ മാത്യൂസ് (26) എന്നിവരാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ഓപ്പണിംഗ് വിക്കറ്റിൽ കരുണരത്നെ - കുശാൽ പെരേര സഖ്യം 93 റൺസടിച്ചു. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും ഫെര്‍ണാണ്ടോ ശ്രീലങ്കയെ കരകയറ്റി. ഫെർണാണ്ടോ കരിയറിലെ ആദ്യ സെഞ്ചുറിയാണ് കുറിച്ചത്. അവസാന ഓവറുകളിൽ ലഹിരു തിരിമിന്നെയുടെ വെടിക്കെട്ട് ഇന്നിംഗ്സ് (33 പന്തിൽ 45 നോട്ടൗട്ട്) ലങ്കയെ 338ൽ എത്തിച്ചു.

വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ രണ്ട് വിക്കറ്റെടുത്തപ്പോൾ കോട്രെല്ലും ഫാബിയൻ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെമിയിലേക്ക് വിദൂര സാദ്ധ്യതയെങ്കിലും നിലനിറുത്താൻ ശ്രീലങ്കയ്ക്ക് വമ്പന്‍ ജയം അനിവാര്യമാണ്. വിൻഡീസിന്റെ സെമി സാദ്ധ്യതകൾ നേരത്തെ അവസാനിച്ചിരുന്നു.