മുംബയ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർണായക തീരുമാനവുമായി വ്യവസായി അനിൽ അംബാനി. മുംബയിലെ സാന്താക്രൂസിലെ ഏഴ് ലക്ഷം ച. അടി വിസ്തീർണമുള്ള റിലയൻസ് സെന്റർ വിൽക്കാനൊരുങ്ങിയതായി പുതിയ റിപ്പോർട്ടുകൾ. ആസ്ഥാനം വിൽക്കാനോ അല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കാനോ ആണ് തീരുമാനം. അതിന് വേണ്ടി യു.എസ് കമ്പനിയുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.
വർദ്ധിച്ച് വരുന്ന കടം വീട്ടാനാണ് വിൽപ്പന നടത്തുന്നത്. ഇതിലൂടെ ഏകദേശം 1500 മുതൽ 2000 കോടി രൂപയെങ്കിലും ലഭ്യമാകണമെന്നാണ് അനിൽ അംബാനിയുടെ ആവശ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെസ്റ്റേൺ എക്സ്‌പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് കെട്ടിടമാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് ദക്ഷിണ മുംബയിലെ ബല്ലാഡ് റിലയൻസ് സെന്റലേക്ക് മാറാനാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട്. ഇപ്പോൾ റിലയൻസ് കാപ്പിറ്റലിന് ഏകദേശം 18000 കോടി രൂപ കടമുണ്ട്. അത് ഈ സാമ്പത്തിക വർഷം 50 ശതമാനമെങ്കിലും കുറക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.