ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ ഉരുട്ടിക്കൊലയിൽ പീരുമേട് ജയിലധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡി.ഐ.ജി സാംതങ്കയ്യനാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി നാലുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അറിയിച്ചു.
രാജ്കുമാറിന്റെ അമ്മയിൽ നിന്നും അയൽവാസികളിൽ നിന്നും ക്രൈംബ്രാഞ്ച് സി.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തിരുന്നു. രാജ്കുമാറിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ മർദ്ദിച്ചതായി അയൽവാസികൾ മൊഴി നൽകി.
അതേസമയം രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ സി.ബി,ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ട് പരാതി നല്കി. എസ്.പിയടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. മരണം പോലും പൊലീസ് അറിയിച്ചില്ലെന്നും സാമ്പത്തിക തട്ടിപ്പിൽ കുടുക്കിയതാണെന്നും പരാതിയിൽ ആരോപിക്കുന്നു.
മുഖ്യമന്ത്രി ഉറപ്പു നല്കിയതിനാല്‍ നേരത്തെ പ്രഖ്യാപിച്ച നാളത്തെ സമരത്തിനില്ലെന്നും കുടുംബം വ്യക്തമാക്കി. നാളെ ഒരു ദിവസം നടപടിക്കായി കാക്കുമെന്നും സമരം ആരംഭിക്കുന്ന കാര്യം പീന്നീട് തീരുമാനിക്കുമെന്നും ആക്ഷൻ കൗൺസിലും വ്യക്തമാക്കി.