സീയെം റീപ്പ് (കംപോഡിയ): അച്ഛൻ വളർത്തിയ മുതലകൾ രണ്ടുവയസുകാരിയെ കടിച്ചുകീറി കൊന്നു. രക്ഷിക്കാൻ എത്തിയ പിതാവിന് ലഭിച്ചത് കുഞ്ഞിന്റെ തലയുടെ ഭാഗങ്ങൾ മാത്രമാണ്. രക്ഷിതാക്കൾ കാണാതെയാണ് രണ്ട് വയസ്സുകാരി റോം റോത്ത് മുതലയെ വളത്തുന്ന കൂട്ടിൽപെട്ടത്. കമ്പികൾക്കിടയിലൂടെ കൂട്ടിലേക്ക് നുഴഞ്ഞുകയറിയ റോമിനെ മുതലകൾ കടിച്ച് കീറുകയായിരുന്നു. പിന്നീട് പിതാവ് എത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
രാവിലെയാണ് കുഞ്ഞിനെ കാണായതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുഞ്ഞിന്റെ വസ്ത്രം മുതലക്കൂട്ടിൽ കിടക്കുന്നത് പിതാവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ജീവൻ പണയം വച്ച് പിതാവ് മുതലക്കൂട്ടിൽ ഇറങ്ങി പരിശോധിച്ചെങ്കിലും കുഞ്ഞിന്റെ തലയുടെ കുറച്ച് ഭാഗങ്ങൾ മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളൂ. വീടിനോട് ചേർന്ന് നിൽക്കുന്ന കൂട്ടിനുള്ളിൽ പന്ത്രണ്ടിലധികം മുതലകളെ വളർത്തുന്നുണ്ടെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
മുതലകളെ വളർത്തുന്നത് തുകലിനും ഇറച്ചിക്കും വേണ്ടിയാണെന്ന് പിതാവ് പറയുന്നു. കൂടിന് വേലി കെട്ടിയിരുന്നെങ്കിലും അതിന്റെ ഇടയിലൂടെയായിരിക്കും കുഞ്ഞ് കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ അന്വേഷിച്ച് പിതാവ് മുതലക്കൂട്ടിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ മാതാപിതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടില്ല.