ഇന്ത്യയിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ ഏകമകൾ ഇഷ അംബാനിയും പിരാമൽ ഗ്രൂപ്പ് ഉടമയുടെ മകനുമായ ആനന്ദ് പിരാമലിന്റെയും വിവാഹം. മുകേഷ് അംബാനി കുടുംബത്തിന്റെ ആഡംബര വീടായ ആന്റിലിയയും വിവാഹ സമയത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രണ്ടാമത്തെ വീടാണ് ആന്റിലിയ.
ആന്റിലയയ്ക്ക് ശേഷം ഇഷ അംബാനിയുടെ വീടാണ് ഇപ്പോൾ താരമാകുന്നത്. 50,000 ചതുരശ്ര അടി വിസ്തീർണമുണ്ട് ഇഷ അംബാനിയുടെ ഈ പുതിയ വീടായ ഗുലീറ്റ'ക്ക്. 2012ൽ ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് 450 കോടി രൂപയ്ക്കാണ് പിരാമൽ കുടുംബം ഈ വീട് വാങ്ങിയത്. വിവാഹശേഷം ആനന്ദിനും ഇഷയ്ക്കും ആനന്ദിന്റെ മാതാപിതാക്കൾ വീട് സമ്മാനിക്കുകയായിരുന്നു.
മുംബയിലെ വർലിയിൽ ബീച്ചിന് അഭിമുഖമായാണ് വീട്. ഡയമണ്ട് തീമിനെ അടിസ്ഥാനമാക്കിയാണ് വീടിന്റെ നിർമ്മാണം. വിവാഹത്തിന് മുൻപ് ആയിരത്തോളം ആളുകൾ 24 മണിക്കൂറും ജോലി ചെയ്താണ് വീട് മോടി പിടിപ്പിച്ചത്. അഞ്ച് നിലയുള്ള വീട്ടിലെ എല്ലാ അലങ്കാര വസ്തുക്കളും ഇന്റീരിയർ ഉപകരണങ്ങളും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഡയമണ്ട് മുറിയാണ് വീടിന്റെ പ്രധാന ആകർഷണം. ത്രീഡി നിർമാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അകത്തളങ്ങൾക്ക് അലങ്കാരമേകി ഷാൻലിയർ വിളക്കുകളും പ്രധാന ആകർഷണമാണ്. ഏറ്റവും താഴത്തെ നിലയിൽ മനോഹരമായ പൂന്തോട്ടവും മൾട്ടി പർപസ് റൂമുമുണ്ട്.
ഒന്നാം നിലയിൽ രണ്ട് ഓപ്പൺ ബാൽക്കണികളാണുള്ളതെന്നതാണ് പ്രധാന ആകർഷണം. ഇരുപതോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിലാണ് ഡൈനിങ് ഹാളും മാസ്റ്റർ ബെഡ്റൂമുള്ളത്.