saira

മതപരമായ കാരണങ്ങളാൽ അഭിനയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടിയും ദേശീയ അവാർഡ് ജേതാവുമായ സൈറ വസീമിന്റെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി. അഭിനയം നിറുത്താനുള്ള സൈയുടെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാരും അത് പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററിൽ കുറിച്ചു.

2016ൽ തീയേറ്ററുകളിലെത്തിയ ആമീർ ഖാൻ ചിത്രം ദംഗലിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സൈറ വസീം. മതപരമായ കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിവരം കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് സൈറ ആരാധകരെ അറിയിച്ചത്. തുടർന്ന് ഒട്ടേറെപ്പേർ സൈറയുടെ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. സൈറയുടെ തീരുമാനം ബാലിശമാണെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി തസ്ലിമ നസ്രിനും പ്രതികരണവുമായി എത്തിയിരുന്നു. സിനിമ കാരണം ജീവിതത്തിൽ മതപരമായ കാര്യങ്ങൾ നഷ്ടമായെന്നാണ് (ഈമാനിൽ നിന്ന് അകന്നു) ദേശീയ പുരസ്കാര ജേതാവായ സൈറ ഫെയ്സ്ബുക്കിൽ കുറിച്ചത്. 2017ൽ റിലീസ് ചെയ്ത സീക്രട്ട് സൂപ്പർസ്റ്റാറാണ് സൈറയുടേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 സൈറ ഫേസ്ബുക്കിൽ കുറിച്ചത്

''അഞ്ചു വർഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെയൊട്ടാകെ ബാധിച്ചു. ‘സിനിമാഭിനയം ഇസ്‌ലാമുമായും അല്ലാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാൻ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാൻ എന്റെ അറിവില്ലായ്മയിൽ വിശ്വസിച്ചു. എന്റെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ ബർക്കത്തുകളും(അനുഗ്രഹങ്ങൾ) ഇതോടെ നഷ്ടമായി’