tree

ധോൽപൂർ: ''മൂന്ന് മാസം അഞ്ച് മരങ്ങളെ പരിപാലിക്കണം"സഹപാഠിയെ മർദ്ദിച്ചതിന് ഒമ്പതാംക്സാസ് വിദ്യാർത്ഥിക്ക് സ്കൂൾ അധികൃതർ നൽകിയ ശിക്ഷയാണിത്. രാജസ്ഥാനിലെ ധോൽപൂരിൽ ജവഹർ നവോദയ സ്കൂളിലാണ് ''വിചിത്രശിക്ഷ".

മർദ്ദിച്ച കുറ്റത്തിന് ടി.സി നൽകി വിടാനായിരുന്നു സ്കൂൾ അധികൃതരുടെ ആദ്യതീരുമാനം. ശുപാർശ മുമ്പിലെത്തിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ കളക്ടർ നേഹ ഗിരിയാണ് ടി.സി നൽകുന്നതിന് പകരം മരത്തെ പരിപാലിക്കാനുള്ള 'ശിക്ഷ' നിർദേശിച്ചത്‌. മൂന്ന് മാസം അഞ്ച് മരങ്ങളെ പരിപാലിക്കാനാണ് കുട്ടിയോട് ആവശ്യപ്പെട്ടത്. മരങ്ങളെ പരിപാലിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള കുട്ടിയായി വളരുമെന്ന ചിന്തയിലാണ് അധികൃതരുടെ തീരുമാനം.

ഒരു പക്ഷേ ടി.സി നൽകി വിട്ടയക്കുകയാണെങ്കിൽ, അത് കുട്ടിയുടെ ഭാവിയേയും പഠനത്തേയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചത്.- ജില്ലാ കളക്ടർ പറഞ്ഞു.