ന്യൂഡൽഹി : ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്ത് നിന്ന് കാശ്മീരിനെ പറിച്ചുമാറ്റാൻ ആർക്കും കഴിയില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകാശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടാനുള്ള ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുകയായിരുന്നു അമിത് ഷാ.
തീവ്രവാദത്തോട് സഹിഷ്ണുത കാണിയ്ക്കാത്ത നയമാണ് കേന്ദ്രസർക്കാരിന്റേത്. ജമ്മു കാശ്മീരിൽ വികസനം കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണന്നും രാജ്യസഭയിൽ ബില്ലവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു. ''ഇന്ത്യയെ നശിപ്പിക്കും എന്ന് പറയുന്നവർക്കെല്ലാം അർഹിക്കുന്ന മറുപടി അതേഭാഷയിൽ കിട്ടും. കാശ്മീരി പണ്ഡിറ്റുകൾ പ്രാർത്ഥിക്കുമ്പോൾ സൂഫികൾ അവർക്കൊപ്പം നിൽക്കുന്ന ഒരു ജമ്മു കാശ്മീരിന്റെ കാലം വരുമെന്ന് അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ ജോലികളിലും പഠന കോഴ്‍സുകളിലും സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംവരണ ഭേദഗതി ബില്ലും രാജ്യസഭ പാസാക്കി. ഈ രണ്ട് ബില്ലുകളും നേരത്തേ ലോക്സഭ പാസ്സാക്കിയിരുന്നതാണ്. ഇനി ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും. രാഷ്ട്രപതി അംഗീകരിച്ചാൽ ഇവ നിയമമാകും