തിരുവനന്തപുരം: നാലുമാസം മുമ്പ് തലസ്ഥാനത്തെത്ത് കാണാതായ ജർമൻ യുവതി ലിസ കേരളത്തിൽ എത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി സഹോദരി കേരളത്തിലേക്ക് ലിസ എത്തിയത് ആത്മശാന്തി തേടിയായിരുന്നുവെന്ന് സഹോദരി കരോളിൻ പറഞ്ഞു. എന്നാൽ ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോവളത്ത് വച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇല്ലിസ് സ്കോർമെയിനുമായി നടത്തിയ സംഭാഷണത്തിലാണ് കരോളിന്റെ വെളിപ്പെടുത്തലെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ജർമ്മൻ ഭാഷ അറിയാവുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് അവർ ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കേരളത്തിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ലിസ വെയ്സിനായി തെരച്ചിൽ ഊർജിതമാക്കിയതായും ഇല്ലിസ് അറിയിച്ചു.
ഏകദേശം എട്ടുവർഷം മുമ്പാണ് ലിസ വെയ്സ് ഇസ്ലാമിലേക്ക് ആകൃഷ്ടയായി മതം മാറുന്നത്. തുടർന്നുള്ള യാത്രയിൽ കെയ്റോയിൽ വെച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ഭർത്താവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായും കരോളിൻ പറയുന്നു. ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്നും കരോളിൻ വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് മടങ്ങിയ ശേഷം രണ്ടു വർഷത്തോളം ബെർലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്. ഇതിനിടെ കുട്ടികളെ ഭർതൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയച്ചു. ഇത് ലിസയെ മാനസികമായി തകർത്തതായും സഹോദരി പറയുന്നു.
ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങനെയാണ്. യു.കെ സ്വദേശിയ്ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു.കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.ഇക്കാര്യങ്ങൾ തന്നെ അറിയിച്ചിരുന്നതായും കരോളിൻ പറഞ്ഞു. മാർച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു ലിസയുടെ അവസാന ഫോൺ സംഭാഷണം.
മൂന്നാഴ്ച കഴിഞ്ഞിട്ടും ലിസയെക്കുറിച്ച് വിവരമില്ലാതായതോടെയാണ് കരോളിൻ സഹോദരിയെ തിരഞ്ഞിറങ്ങിയത്. ലിസയുടെ പിറന്നാളിനും ഫോണെത്താതായതോടെ കൊല്ലത്തെ ആശ്രമത്തിൽ ജർമ്മൻ എംബസിവഴി ബന്ധപ്പെട്ടു. എന്നാൽ അവിടെ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാതായതോടെയാണ് എംബസി മുഖേന ഡൽഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും കോൺസുലേറ്റ് മുഖേന പരാതി എത്തിച്ചത്.