മുംബയ്: ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിൽ അസ്വസ്ഥനായി ഇതിഹാസ താരം ഷൊയ്ബ് അക്തർ. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിനായിരുന്നു വിജയം. മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ സെമിയിലെത്താൻ ഏറ്റവും സാധ്യതയുള്ള ടീമായി പാകിസ്ഥാൻ മാറുമായിരുന്നു. അതോടെ ബംഗ്ലാദേശിനെ തോൽപിക്കാൻ സാധിച്ചാൽ 11 പോയിന്റുമായി പാകിസ്ഥാന് അനായാസം സെമിയിലെത്താൻ സാധിക്കുമായിരുന്നു.
എന്നാൽ രോഹിത് ശർമ്മയുടെ സെഞ്ച്വറിക്ക് പോലും ഇന്ത്യയ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ ധോണിയുടെയും ജാദവിന്റെയും പ്രകടനത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ മങ്ങിയതോടെ ഷൊയ്ബ് അക്തർ രംഗത്തെത്തി. വിഭജനത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഞങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്തുകാണും. പക്ഷെ അവരുടെ ബെസ്റ്റിന് പോലും പാക്കിസ്ഥാന് പ്രതീക്ഷ നൽകുന്നില്ല. അക്തർ പറഞ്ഞു.
ഇതാദ്യമായാണ് ഉപഭൂഖണ്ഡം മൊത്തം, പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ലെന്നാണ് തോല്‍വി കാണിച്ചു തരുന്നത്” അക്തർ കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഒരു മത്സരം മാത്രം അവശേഷിക്കെ നാലു കളികൾ ജയിച്ച പാകിസ്ഥാന് ഒൻപത് പോയിന്റുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റതോടെ പാകിസ്ഥാന്റെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു. ഇനി അവർക്ക് സെമിയിൽ എത്തണമെങ്കിൽ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് തോൽക്കുകയും വേണം.