ശ്രീലങ്ക വെസ്റ്രിൻഡീസിനെ തോൽപ്പിച്ചു
ചെസ്‌റ്രർ ലെ സ്ട്രീറ്ര്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 23 റൺസിന്റെ തകർപ്പൻ ജയം നേടി ശ്രീലങ്ക പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്നു. ആദ്യം ബാറ്ര് ചെയ്ത ശ്രീലങ്ക അവിഷ്ക ഫെർണാണ്ടോയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 6വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. മറുപടിക്കിറങ്ങിയ വെസ്റ്രിൻഡീസിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. നിക്കോളാസ് പൂരൻ തകർപ്പൻ സെഞ്ച്വറിയുമായി പൊരുതി നോക്കിയെങ്കിലും വാലറ്റം തകർന്നതും അവസാന ഓവറുകളിൽ അച്ചടക്കത്തോടെയുള്ള ലങ്കൻ ബൗളിംഗും വിൻഡീസിന് തിരിച്ചടിയാവുകയായിരുന്നു. 103 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് പൂരന്റെ ഇന്നിംഗ്സ്. 48മത്തെ ഓവറിലെ ആദ്യ പന്തിൽ പൂരനെ പുറത്താക്കി മാത്യൂസ് കൈയിൽ നിന്ന് വഴുതിയെന്ന് കരുതിയ കളി ലങ്കയ്ക്ക് അനുകൂലമാക്കുകയായിരുന്നു. 2017 ഡിസംബറിന് ശേഷം ഏകദിനത്തിൽ ലങ്കയ്ക്കായി മാത്യൂസ് എറിയുന്ന ആദ്യ പന്തായിരുന്നു അത്. ഫാബിയൻ അലൻ (51) അർദ്ധ സെഞ്ച്വറിയുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സുനിൽ ആംബ്രിസിന്റെയം (5), ഷായ് ഹോപ്പിന്റെയും (5) വിക്കറ്റുകൾ തുടക്കത്തിലെ വീഴ്ത്തി മലിംഗയാണ് വിൻഡീസിനെ പ്രതിസന്ധിയിലാക്കിയത്. മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ഓപ്പണർമാരായ ധിമുക്ത് കരുണാരത്നെയും (32), കുശാൽ പെരേരയും (64) മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 15.2 ഓവറിൽ 92 റൺസ് കൂട്ടിച്ചേർത്തു. കരുണാരത്നയെ ഹോപ്പിന്റെ കൈയിൽ എത്തിച്ച് ഹോൾഡറാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ കുശാൽ പെരേര റൺഔട്ടായി. 51 പന്തിൽ 8 ഫോറുൾപ്പെട്ടതാണ് പെരേരയുടെ ഇന്നിംഗ്സ്. തുടർന്ന് അവിഷ്ക ലങ്കൻ ഇന്നിംഗ്സിന്റെ കടിഞ്ഞാൺ ഏറ്രെടുക്കുകയായിരുന്നു.മൂന്നാമനായിറങ്ങിയ അവിഷ്ക 103 പന്തിൽ 104 റൺസ് നേടി. 9 ഫോറും രണ്ട് സിക്സും അദ്ദേഹത്തിന്റെ ബാറ്രിൽ നിന്ന് പറന്നു. തിരിമനെ 33 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു. ഹോൾഡർ വിൻഡീസിനായി രണ്ട് വിക്കറ്ര് വീഴ്ത്തി.