ലണ്ടൻ: ലോകകപ്പ് മത്സരത്തിൽ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഇരു ടീമുകളിലും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മത്സരത്തിനിറങ്ങുക. ഇംഗ്ലണ്ടിനെതിരായ തോൽവിയുടെ നാണക്കേട് മാറ്റണമെങ്കിൽ ഇന്ത്യയ്ക്ക് നാളത്തെ വിജയം അനിവാര്യമാണ്. എന്നാൽ ബംഗ്ലാദേശിന് ജീവൻമരണ പോരാട്ടവും. സെമി സാധ്യത നിലനിർത്താൻ ഈ മത്സരത്തിൽ ബംഗ്ലാദേശിന് ജയിച്ചേ മതിയാകൂ.
വിജയം ഇന്ത്യയോടൊപ്പമാണെങ്കിൽ അനായാസം സെമിയിലേക്ക് കടക്കും. തോറ്റാൽ നാണക്കേടിന്റെ തുടർച്ചയോടെ ശ്രീലങ്കയ്ക്കെതിരെ കളിക്കേണ്ടിവരും. ഇന്ത്യൻ ടീമിൽ എജ്ബാസ്റ്റണിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു സ്‌പിന്നറെ ഒഴിവാക്കാൻ സാധ്യതയുണ്ട്. പകരം ഒരു ബാറ്റ്സ്‌മാനോ ഭുവനേശ്വർ കുമാറോ ടീമിലെത്താനും സാദ്ധ്യതയുണ്ട്. ബാറ്റ്സ്മാനായി രവീന്ദ്ര ജഡേജയെത്തുന്ന കാര്യവും തള്ളിക്കളയാനാകില്ല. കെ.എൽ രാഹുൽ വീണ്ടും കളിക്കാനാണ് സാദ്ധ്യത. കേദാർ ജാദവിനെ മാറ്റുകയാണെങ്കിൽ ദിനേശ് കാർത്തിക്കിന് അവസരം ലഭിക്കും.
എന്നാൽ നാളെ ഇന്ത്യയുമായുള്ള മത്സരം ബംഗ്ലാദേശിന് നിർണായകമാണ്. ഇന്ത്യയേയും പാകിസ്ഥാനെയും പരാജയപ്പെടുത്തിയാൽ മാത്രമേ ബംഗ്ലാദേശ് സെമിയിലെത്താൻ അൽപം പോലും സാദ്ധ്യത ഉള്ളൂ. ഇന്ത്യക്കെതിരെ എന്നും തിളങ്ങിയിട്ടുള്ള ഓൾ റൗണ്ടർ ഷക്കിബ് അൽ ഹസനിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നതും ഈ താരമാണ്. മാത്രമല്ല ഇന്ത്യക്കെതിരെ മൂന്ന് പേസർമാരെ കളിപ്പിക്കാനും സാദ്ധ്യതയുണ്ട്. വെറ്ററൻ താരം മുഹമ്മദുള്ള ടീമിൽ തിരിച്ചെത്തുന്നത് ടീമിന് കരുത്തേകുന്നു. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റൺദാസും എത്തുന്നതോടെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ടീമായി ബംഗ്ലാദേശ് മാറും.