തിരുവനന്തപുരം: കല്ലേറും ഗ്രനേഡും ജലപീരങ്കിയും ലാത്തിച്ചാർജുമൊക്കെയായി ചൂടുപിടിച്ച അവസ്ഥയിലായിരുന്നു തലസ്ഥാന നഗരം ഇന്നലെ. ട്രാൻസ്പോർട്ട് ബസുകളുടെ കുറവു കൂടിയായപ്പോൾ തലസ്ഥാനത്തെ ജനങ്ങൾ ശരിക്കും വലഞ്ഞു. മൂന്ന് ഇടങ്ങളിലായി ഏഴ് പ്രതിഷേധ സമരങ്ങളാണ് ഇന്നലെ നടന്നത്. ഇതിൽ ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ എ.ബി.വി.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. ഓടിയടുത്ത സമരക്കാരെ അങ്കക്കലി പൂണ്ട് പൊലീസ് തലങ്ങും വിലങ്ങും അടിച്ചു. ഇതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും പോകാനായില്ല. ഡ്രൈവർമാരുടെ കുറവു കാരണം കെ.എസ്.ആർ.ടി.സി ബസ് സർവീസ് വ്യാപകമായി വെട്ടിക്കുറച്ചതോടെ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർ മണിക്കൂറുകളോളം കാത്ത് നിന്നു. കാത്തിരുന്ന് കിട്ടിയ ബസിൽ ഇടിച്ചു കയറുമ്പോഴാണ് അടുത്ത തലവേദനയായി ഗതാഗതക്കുരുക്ക്.
പാളയത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പോകേണ്ട യാത്രക്കാരാണ് ഏറെ കഷ്ടപ്പെട്ടത്.
പി.എം.ജിയിൽ നിന്നുള്ള വാഹനങ്ങളെ പാളയം പബ്ളിക് ലൈബ്രറിക്ക് സമീപത്തെ റോഡിലൂടെ ബേക്കറി ജംഗ്ഷനിലേക്ക് തിരിച്ചുവിട്ടു. ഇതോടെ നന്ദാവനം പൊലീസ് ക്യാമ്പിന് മുന്നിലൂടെ ബേക്കറിയിലേക്ക് പോകുന്ന റോഡിലും കുരുക്കായി. പനവിള നിന്ന് വഴുതക്കാടേക്കുള്ള റോഡിലും ഇതു തന്നെയായിരുന്നു അവസ്ഥ.
യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നിന്ന് സ്പെൻസർ ജംഗ്ഷനിലേക്കുള്ള വഴിയിലും ബാരിക്കേഡ് ഉയർത്തി വാഹനഗതാഗതം പൊലീസ് തടഞ്ഞു. സ്പെൻസറിൽ നിന്ന് ബേക്കറിയിലേക്കുള്ള റോഡിലും പൊലീസ് ബാരിക്കേഡുവച്ചു. ഇതോടെ സാഫല്യം കോംപ്ളക്സിനരികിലൂടെയുള്ള റോഡിലൂടെ ജേക്കബ്സ് ജംഗ്ഷനിലേക്ക് വാഹനങ്ങൾ എത്തി. നിയമസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് സഭയ്ക്ക് മുന്നിലൂടെയുള്ള ഗതാഗതവും നിലച്ചു. ഇതോടെ പാളയത്തും പി.എം.ജിയിലും ഗതാഗതക്കുരുക്കായി.
നടന്നത് പൊരിഞ്ഞ അടി
ഉദ്ഘാടന പ്രസംഗത്തിന് പോലും കാത്തുനിൽക്കാതെ എ.ബി.വി.പി പ്രവർത്തകർ സമരഗേറ്റിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസിന്റെ ഭാവം മാറിയത്. പ്രശ്നം ഗുരുതരമാകുമെന്ന് കണ്ടതോടെ അപ്പുറത്ത് സമരം നടത്തുകയായിരുന്ന ഫെറ്റോ പ്രവർത്തകർ കസേരകൾ അടുക്കിവച്ച് സ്ഥലം വിട്ടു. പ്രതിഷേധക്കാർ കല്ലേറ് തുടങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒപ്പം ലാത്തിച്ചാർജും ഗ്രനേഡും. പ്രവർത്തകർ നാല് പാടും ചിതറിയോടി.
സമീപത്തെ കടകൾ ഷട്ടറിട്ടു. 12.15ന് ആദ്യ റൗണ്ട് പ്രകടനം പൂർത്തിയാക്കി പൊലീസും സമരക്കാരും ഇരുവശത്തും നിലയുറപ്പിച്ചു. ഇതിനിടെ പൊലീസ് ആംബുലൻസിൽ തന്നെ പരിക്കേറ്റ സമരക്കാരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. രണ്ട് റൗണ്ട് ഗ്രനേഡ് പൊട്ടിച്ചു, രണ്ട് പ്രാവശ്യം ജലപീരങ്കിയും. ഇതിനിടെ മൂന്ന് പ്രാവശ്യം ആംബുലൻസ് വന്നുപോയി. അവസാനം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ സമരങ്ങൾ
കാരുണ്യ പദ്ധതി നിറുത്തലാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം എം.എൽ.എമാർ സെക്രട്ടേറിയറ്റ് പടിക്കൽ രാവിലെയോടെയാണ് ഉപവാസ സമരം ആരംഭിച്ചത്. ഇരുപത് പേർ ചേർന്ന് ചെറിയതോതിൽ പ്രകടനവും നടത്തി. പ്രവാസി സംരംഭകരുടെ ആശങ്കകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വേൾഡ് മലയാളി കൗൺസിൽ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായെത്തിയിരുന്നു.
തൊട്ടുപിന്നാലെ പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) പ്രവർത്തകരുമെത്തി. സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്) പ്രവർത്തകർ നിയമസഭയ്ക്ക് മുന്നിലാണ് പ്രതിഷേധവുമായെത്തിയത്.
കാരുണ്യ പദ്ധതി നിറുത്തലാക്കിയതിനെതിരെ തമ്പാനൂരിൽ കാരുണ്യ ഓഫീസിന് മുന്നിലും കേരള കോൺഗ്രസ് എം പ്രവർത്തകർ പ്രതിഷേധിച്ചു.