തിരുവനന്തപുരം: കടൽ കലിതുള്ളുമ്പോഴും മത്സ്യബന്ധനത്തിന് പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കാൻ മടികാണിക്കുകയാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ. ഇക്കാരണത്താൽ അപകടങ്ങളും വർദ്ധിക്കുകയാണ്.
പലതവണ ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയതാണെന്ന് ഫിഷറീസ് അധികൃതർ പറയുന്നു. ലൈഫ് ജാക്കറ്റ് ധരിക്കാതെ മീൻപിടിത്തം നടത്തുന്ന വള്ളങ്ങളുടെ ഉടമകളിൽ നിന്ന് പിഴയീടാക്കുന്നതടക്കം നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ തൊഴിലാളികളിൽ ഭൂരിപക്ഷവും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വിഴിഞ്ഞം തുറമുഖം വഴി മീൻപിടിത്തത്തിന് പോകുന്നവരും ലൈഫ് ജാക്കറ്റുകളോട് വിമുഖതയാണ് പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ച ലൈഫ് ജാക്കറ്റ് ധരിക്കാതെ കടലിൽ പോയ രണ്ട് തൊഴിലാളികളെ ശക്തമായ തിരയിൽപ്പെട്ട് കാണാതായിരുന്നു. പുതിയതുറ സ്വദേശി നസിയാൻസ്, അഞ്ചുതെങ്ങ് സ്വദേശി കാർലോസ് എന്നിവരെയാണ് കാണാതായത്. ഇവരുടെ മൃതദേഹം പിന്നീട് ലഭിച്ചിരുന്നു. പൊഴിയൂർ മുതൽ വർക്കല ഇടവ വരെയുള്ള 22 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഇതുവരെ 6000 ലൈഫ് ജാക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു വള്ളത്തിന് നാല് മുതൽ അഞ്ച് വരെ ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നു.
2500 രൂപയുടെ ജാക്കറ്റിന് ഗുണഭോക്തൃവിഹിതമായി ഒരാളിൽ നിന്ന് 250 രൂപയും അധികൃതർ ഈടാക്കിയിരുന്നു. എന്നാൽ ലൈഫ് ജാക്കറ്റിന്റെ വിതരണം പലയിടത്തും ഇതുവരെ പൂർത്തിയായിട്ടില്ല. ലൈഫ് ജാക്കറ്റുകളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ മത്സ്യത്തൊഴിലാളികൾക്കായി വിവിധ ബോധവത്ക്കരണ പരിപാടികളെപ്പറ്റിയും അധികൃതർ ആലോചിക്കുന്നുണ്ട്.