തിരുവനന്തപുരം: മുട്ടത്തറ സ്വിവറേജ് പ്ലാന്റിലെ നാലുപാടും നിറഞ്ഞൊഴുകുന്ന മലിനജലത്തിന് നടുവിലെ നരകജീവിതത്തിൽ നിന്ന് ജീവനക്കാർക്ക് അവസാനം മുക്തി. രണ്ടാഴ്ചയോളം മുട്ടത്തറ സ്വിവറേജ് പ്ലാന്റിലെ മലിനജല കിണർ നിറഞ്ഞൊഴുകുന്നതിന് അധികൃതർ പരിഹാരം കണ്ടെത്താത്തതിനെ തുടർന്ന് കഴിഞ്ഞ 22ന് സിറ്റികൗമുദിയിൽ 'നരകവാരിധി നടുവിൽ....:പകർച്ചവ്യാധി ഭീഷണിയുയർത്തി മുട്ടത്തറ സ്വിവറേജ് പ്ളാന്റ്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് അവസാനം പ്രശ്നപരിഹാരത്തിൽ കലാശിച്ചത്.
വിവിധ സ്വിവറേജ് സബ് സ്റ്റേഷനുകളിൽ നിന്ന് ശുദ്ധീകരിക്കുന്നതിനായി മുട്ടത്തറ പ്ളാന്റിലേക്ക് മലിനജലം ആദ്യമെത്തുന്ന കിണറുകളാണ് മോട്ടോർ തകരാറിനെത്തുടർന്ന് രണ്ടാഴ്ചയോളം നിറഞ്ഞൊഴുകിയത്. ആഹാരാവശിഷ്ടം അടക്കമുള്ള മാലിന്യം പത്തേക്കറോളം വിസ്തൃതിയിലുള്ള പ്ലാന്റിൽ മഴയ്ക്കൊപ്പം ഒഴുകി നടന്നു. ജീവനക്കാർ പലപ്രാവശ്യം വാട്ടർ അതോറിട്ടി അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.
എന്നാൽ വാർത്ത വന്നതോടെ വാട്ടർ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്ലാന്റിൽ അന്ന് തന്നെ അടിയന്തരയോഗം ചേർന്നു. പ്ലാന്റിലേക്കുള്ള പമ്പിംഗ് നിറുത്തിവച്ച് പരിഹരിക്കാൻ വാട്ടർ അതോറിട്ടി അധികൃതർ തീരുമാനിച്ചു. എന്നിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിണറുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളും തകരാറിലായതാണ് മലിനജലം നിറഞ്ഞൊഴുകാൻ കാരണമെന്ന് കണ്ടെത്തി. മോട്ടോറുകൾ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. മോട്ടോറിന്റെ തകരാറ് പരിഹരിക്കുന്നതിനുള്ള വിദഗ്ദ്ധരെ തമിഴ്നാട്ടിൽ നിന്ന് എത്തിച്ചു. ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടു.