തിരുവനന്തപുരം: സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് ഒമ്പത് വർഷം. അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്നു മുതൽ ആറു വരെ ഭാരത് ഭവനിൽ എം.ജി സ്മൃതി ചലച്ചിത്രോത്സവം നടക്കും. ഭാരത് ഭവനും എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷനും ചലച്ചിത്ര അക്കാഡമിയും സംയുക്തമായാണ് പഞ്ചദിന ചലച്ചിത്രോത്സവം നടത്തുന്നത്. എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ച വിഖ്യാതചലച്ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ന് വൈകിട്ട് 5.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനായിരിക്കും.
ഈ ഓർമ്മക്കൂട്ടായ്മയിൽ നടൻ നെടുമുടി വേണു മുഖ്യാതിഥിയായി എത്തും. എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണൻ, സഹോദരി ഡോ.കെ. ഓമനക്കുട്ടി തുടങ്ങിയവർ സംസാരിക്കും. എം.ജി. രാധാകൃഷ്ണൻ പാടി അനശ്വരമാക്കിയ 'ഉദ്ദിഷ്ഠത ജാഗ്രതാ...' എന്ന ഗാനത്തിന്റെയും ആ ഗാനം ഉൾപ്പെട്ടിരിക്കുന്ന 'ശരശയ്യ' എന്ന ചലച്ചിത്രത്തിന്റെയും അമ്പതാംവാർഷികദിനം കൂടിയായ ഇന്ന് സിനിമ പ്രദർശിപ്പിക്കും. എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ച ദേവാസുരം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളുടെ 25-ാം വാർഷികവും ഇതിനൊപ്പം ആഘോഷിക്കും. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തിയും, മിഥുനവും ഇന്ന് മുതൽ 6 വരെയുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കും. വൈകിട്ട് 6നാണ് പ്രദർശനം. എല്ലാ ദിവസം 5.30ന് അനുസ്മരണ സമ്മേളനം ഉണ്ടായിരിക്കും.