തിരുവനന്തപുരം: ജർമ്മൻ യുവതി ലിസ വെയ്സിനെ കാണാനില്ലെന്ന പരാതി പൊലീസിനു തലവേദനയായിരിക്കയാണ്. അന്വേഷണ ഫലം കേരളത്തിന് ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ ആകരുതേ എന്നാണ് വിനോദ സഞ്ചാര രംഗത്തുള്ളവരുടെയും പ്രാർത്ഥന. കാരണം ആ ലാത്വിയൻ യുവതിക്കു സംഭവിച്ച ദുരന്തവും അത് ഈ നാടിന് നൽകിയ അപമാനവും പെട്ടെന്നൊന്നും വിട്ടുപോകില്ല. ലിസയെ കഴിഞ്ഞ മാർച്ചു മുതൽ കാണാനില്ലെന്നാണ് പരാതി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസ വെയ്സിനെ (31) കാണാനില്ലെന്ന് അവരുടെ അമ്മയാണ് ജർമ്മൻ കോൺസുലേറ്റിനു പരാതി നൽകിയത്. മാർച്ച് 5ന് ജർമ്മനിയിൽ നിന്ന് പുറപ്പെട്ട ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും ലിസ തിരികെ എത്താതിരുന്നതിനെ തുടർന്നാണ് ജർമ്മൻ കോൺസുലേറ്റിൽ പരാതിയെത്തിയത്. കേരളത്തിൽ എത്തിയ ശേഷം ലിസ വീട്ടിലേക്കു ഫോൺ ചെയ്തിട്ടുമില്ല.
ലാത്വിയൻ യുവതിയുടെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അവരുടെ സഹോദരി തുറന്ന കത്ത് പുറത്തു വിട്ടതോടെയാണ് ലാത്വിയൻ യുവതിയുടെ തിരോധാനത്തെ കുറിച്ച് സമൂഹത്തിൽ ചൂടേറിയ ചർച്ചയുണ്ടായത്. പൊലീസിന്റെ നിരുത്തരവാദപരമായ സമീപനവും രാഷ്ട്രീയ ഇടപെടലുകളും ഏറെ വിവാദങ്ങളുമുണ്ടാക്കി. കഴിഞ്ഞ വർഷം മാർച്ച് 14നാണ് കോവളത്തു നിന്ന് യുവതിയെ കാണാതായത്. ഏപ്രിൽ 21ന് പനത്തുറയ്ക്കു സമീപം മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ലഹരിമരുന്ന് നൽകിയ ശേഷം ഇവർ മാനഭംഗപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം.
പ്രതികളെന്ന് പൊലീസ് കണ്ടെത്തിയ രണ്ടു പേർ അറസ്റ്റിലായെങ്കിലും കേസിലെ ദുരൂഹതയ്ക്ക് അറുതി വന്നിട്ടില്ല. ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സഹോദരിയെയും മരിച്ച യുവതിയുടെ സുഹൃത്തിനെയും ക്ഷണിച്ച് വേദിയിലിരുത്തി അനുശോചന ചടങ്ങും നടത്തിയ ശേഷം സർക്കാർ അവരെ മടക്കി അയച്ചു. പിന്നെ ഒരു തുടരന്വേഷണവും നടന്നില്ല.
ദുരൂഹതകൾ ഒളിപ്പിച്ച പനത്തുറ തീരത്തെ ചെന്തിലക്കരയിലെ പൂനംതുരുത്ത് ഇപ്പോഴും കാടുപിടിച്ച് കിടപ്പുണ്ട്. കൊലപാതകമെന്ന് വ്യക്തമായ ശേഷം തെളിവുകൾക്കു വേണ്ടി ചെന്തിരലക്കര മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയിരുന്നു. അന്നത്തെ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടിയെങ്കിലും നീതി ലഭിച്ചില്ലെന്ന നിലപാടിലാണ് യുവതിയുടെ സഹോദരിയും കൂട്ടുകാരനും ഇപ്പോഴും. മരണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ മരിച്ച യുവതിയുടെ സഹോദരി മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. പൊലീസിന്റെ അനാസ്ഥ മൂലമാണ് കേസിൽ പുരോഗതിയുണ്ടാകാത്തതെന്നാണ് കത്തിലെ പ്രധാന ആക്ഷേപം. കോടതി വിചാരണ പോലും ആരംഭിക്കാൻ കഴിയാതിരുന്നത് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതു മൂലമാണെന്ന് സഹോദരി ചൂണ്ടിക്കാട്ടുന്നു. വിഷയം പ്രത്യേകമായി പരിഗണിക്കാൻ സംവിധാനം ഒരുക്കണമെന്നാണ് സഹോദരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലിസയെ കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകും
ഒപ്പം വന്ന അമേരിക്കൻ പൗരൻ മടങ്ങിയെന്ന വിവരമാണ് ലിസയെ കണ്ടെത്തുന്ന കാര്യത്തിൽ പൊലീസിനെ വലയ്ക്കുന്നത്. വർഷം തോറും കേരളത്തിലേക്ക് ജർമ്മനിയിൽ നിന്ന് ധാരാളം സന്ദർശകരെത്തുന്നുണ്ട്. ലിസയുടെ അന്വേഷണത്തിൽ നെഗറ്റീവ് ഫലമാണ് ഉണ്ടാവുകയെങ്കിൽ അത് തലസ്ഥാനത്തേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ കാര്യമായി ബാധിക്കും.
അന്ന് അയാൾ ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ
1 യഥാർത്ഥ പ്രതികളെ രക്ഷിക്കാനായി കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നു
2 സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും മറുപടി കിട്ടിയില്ല.
3 ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും വീണ്ടും പോസ്റ്റ്മോർട്ടം നടത്താനുമുള്ള അവസരം ഇല്ലാതാക്കി മൃതദേഹം ദഹിപ്പിച്ചു.