ഹാസ്യതാരം പാഷാണം ഷാജി (സാജു നവോദയ) സംവിധായകനാകുന്നു. ഫുട്ബാൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാണാവള്ളി പാണ്ഡവാസ് എന്ന ചിത്രത്തിലൂടെയാണ് പാഷാണം ഷാജി സംവിധായകനായി അരങ്ങേറുന്നത്.
പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവൻസ് എന്നീ സെവൻസ് ഫുട്ബാൾ ടീമുകളുടെ കിടമത്സരത്തോടൊപ്പം ഒരു സൈക്കോ കില്ലറിന്റെ കഥ കൂടി പറയുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പാഷാണം ഷാജി തന്നെയാണ്. സലിംകുമാർ, ഐ.എം. വിജയൻ, സോഹൻ സീനുലാൽ, നോബി എന്നിവർക്കൊപ്പം പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശെൽവകുമാറാണ്.
മുജീബ് ഒറ്റപ്പാലമാണ് പ്രൊഡക്ഷൻ കൺട്രോളർ. ഒരുവർഷമായി ചിത്രത്തിന്റെ എഴുത്തും മറ്റും തിരക്കുകളുമായിരുന്നതിനാലാണ് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നതെന്നും പാണാവള്ളി പാണ്ഡവാസിൽ താൻ അഭിനയിക്കുന്നില്ലെന്നും പാഷാണം ഷാജി 'സിറ്റി കൗമുദി"യോട് പറഞ്ഞു. അനുരാഗ് മീഡിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചേർത്തലയ്ക്കടുത്ത് പാണാവള്ളിയിലും കമ്പത്തും തേനിയിലുമായി ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.