-police

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാർ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പൊലീസുകാർക്കുള്ളിൽ പ്രതിഷേധം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നത്. കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം എസ്.ഐ ഉൾപ്പടെ എട്ട് പേരെ സസ്‌പെൻഡ് ചെയ്യുകയും സി.ഐ ഉൾപ്പടെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

സംഭവം നടന്ന സമയത്ത് അവധിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തു എന്നാണ് ഉയരുന്ന ആക്ഷേപം. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിന്റെ ഔചിത്യം മനസിലാകുന്നെല്ലെന്നാണ് പ്രതിഷേധം ഉയർത്തുന്ന പൊലീസുകാർ പറയുന്നത്. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പരാതി നൽകുമെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം വ്യക്തമാക്കി.

സംഭവത്തിൽ ഇന്നലെ പീരുമേട് ജയിൽ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് ഡി.ജി.പി ഋഷിരാജ് സിംഗ് ഉത്തരവിട്ടിരുന്നു. ജയിൽ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാലു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചനകളുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം,​സംഭവത്തിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണത്തിന് തയ്യാറായേക്കും. ജയിൽ, ജുഡിഷ്യറി, പൊലീസ് വകുപ്പുകൾ സംശയനിഴലിലുള്ള കേസിൽ ജുഡിഷ്യൽ അന്വേഷണമാകാമെന്നാണ് സർക്കാർ നിലപാട്. സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് ലഭിക്കാനിടയില്ലാത്തതിനാൽ വിരമിച്ച ജഡ്ജിയെയാവും നിയോഗിക്കുക.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാർ ജൂൺ 21നാണ് മരിച്ചത്. രാജ്‍കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.