rain

മുംബയ്: കനത്ത മഴ തുടരുന്ന മുംബയിലും സമീപ നഗരമായ താനെയിലും മതിലുകൾ ഇടിഞ്ഞ് 16 പേർ മരിച്ചു. പുലർച്ചെ കിഴക്കൻ മലാഡിലാണ് ആദ്യ ദുരന്തം ഉണ്ടായത്. മലാഡിലെ കുരൂർ ഗ്രാമത്തിൽ മതിൽ തകർന്ന് 13 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേർ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതർ പറഞ്ഞു.

ചെരിഞ്ഞ പ്രദേശത്ത് കുടിലുകൾക്ക് നിർമിച്ച താങ്ങുമതിലാണ് തകർന്നത്. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി. സമീപ സ്ഥലമായ താനെയിലെ കല്യാണിൽ സ്കൂളിനെ മതിൽ വീടുകൾക്കുമേൽ ഇടിഞ്ഞ് വീണ് മൂന്നു വയസുകാരനടക്കം മൂന്ന് പേർ മരിച്ചു. റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതോടെ ദീർഘദൂര ട്രെയിനുകളടക്കം റദ്ദാക്കിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി നൽകിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് മുംബയിൽ ഇറങ്ങിയ ജയ്പുർ-മുംബയ് വിമാനം റൺവെയിൽ നിന്ന് തെന്നി മാറി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.45 നാണ് സ്‌പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റൺവേയിൽ നിന്ന് തെന്നി മാറിയത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവെ താൽക്കാലികമായി അടച്ചിട്ടു.