kodi-suni-tp-chandrasekha

കോഴിക്കോട്: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടിസുനി പരോൾ ലഭിച്ച സമയത്ത് ക്രിമിനൽ സംഘങ്ങളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ടി.പി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ രജികാന്ത്, പിടിച്ചുപറിക്കേസുകളിലും മറ്റും പ്രതിയായ കാക്ക രഞ്ജിത്ത് എന്നിവരുൾപ്പെടുന്ന സംഘത്തെ കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽവെച്ച് കണ്ടതിനുള്ള തെളിവുകൾ പുറത്ത്.

കഴിഞ്ഞ ഡിസംബറിൽ ഇവർ ഒത്തുചേർന്നപ്പോഴെടുത്ത ഒരു ഫോട്ടോയാണ് പൊലീസിന് തെളിവായി ലഭിച്ചത്. അതേസമയം ഇവരുടെ ഗൂഢാലോചനയുടെ ലക്ഷ്യമെന്താണെന്ന് കാണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘത്തിലുള്ള പലരും ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരായതാണ്.

കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്തിന് ജയിലിലിരുന്നുകൊണ്ട് കൊടി സുനി നിർദേശം നൽകിയിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അത്തരം സന്ദ‌ർഭങ്ങളിലെല്ലാം കാക്ക രഞ്ജിത്തിനെ അറിയില്ലെന്നായിരുന്നു കൊടിസുനി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പൊലീസിന് ലഭിക്കുന്നത്.