മുൾട്ടാൻ : പ്രവാസിയായ തന്നെ ഭാര്യ വഞ്ചിക്കുന്നുവെന്ന് സംശയിച്ച് നാട്ടിലെത്തിയ യുവാവ് ഭാര്യാഗൃഹത്തിലുള്ളവരെ കൂട്ടക്കൊല ചെയ്തു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ പൗരനായ അജ്മൽ എന്ന യുവാവാണ് ഭാര്യഗൃഹത്തിലെ ഒൻപത് പേരെ ക്രൂരമായി വെടിവച്ചും, തീകൊളുത്തിയും കൊല ചെയ്തത്. പാകിസ്താനിലെ മുൾട്ടാനിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം.
ഭാര്യ ചതിക്കുന്നു എന്ന സംശയം കലശലായതോടെ സൗദിയിൽ നിന്നും നാട്ടിലെത്തിയ അജ്മൽ പിതാവിനെയും സഹോദരനെയും കൂട്ടിയാണ് മുൾട്ടാനിലുള്ള ഭാര്യയുടെ വീട്ടിലെത്തിയത്. ഇവിടെ വച്ച് തർക്കമുണ്ടാവുകയും ഭാര്യയ്ക്ക് നേരെ തോക്കു ചൂണ്ടുകയുമായിരുന്നു. ഇതിനിടയിൽ മകളെ രക്ഷിക്കുവാൻ തോക്കിനുമുന്നിലേക്ക് കയറി നിന്ന മാതാവിനെയും സഹോദരിയെയും അജ്മൽ വെടിവച്ചിട്ടു. വീട്ടിലെ അഞ്ച് പേരെ അജ്മൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമം അജ്മലിനൊപ്പം വന്ന പിതാവും സഹോദരനും ഇയാളെ തടയുവാൻ ശ്രമിക്കുന്നതിന് പകരം വീട്ടിൽ ബാക്കിയുള്ളവരെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. അജ്മലിന്റെ രണ്ടുമക്കളും മറ്റു രണ്ടു സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്. വീട്ടിൽ നിന്നും നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർക്കു നേരെയും അജ്മൽ നിറയൊഴിച്ചു.
സൗദി അറേബ്യയിലെ ജിദ്ദയിൽ തയ്യൽതൊഴിലാളിയായിരുന്നു അജ്മൽ. ഭാര്യ തന്നെ ചതിക്കുന്നതായി ഏറെ നാളായി അജ്മൽ സംശയിച്ചിരുന്നു. കൊലപ്പെടുത്തിയ ഒൻപത് പേരിൽ എട്ടുപേരും സംഭവ സ്ഥലത്ത് വച്ചാണ് മരണപ്പെട്ടത്. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കാരണക്കാരായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.