ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം, ഇംഗ്ലണ്ടിലെ കെൻസിംഗ്‌ടൺ കൊട്ടാരത്തിനടുത്ത് 85 മില്യൻ പൗണ്ട് (ഏകദേശം 741 കോടി രൂപ) വില വരുന്ന ആഡംബര വസതി, ജോർദാൻ രാജാവ് അബ്‌ദുള്ളയുടെ അർദ്ധ സഹോദരി, ദുബായ് രാജാവ് ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമിന്റെ പ്രിയ ഭാര്യയായിരുന്ന ഹയ ബിൻത്ത് അൽ ഹുസൈന് വിശേഷണങ്ങൾ ഏറെയാണെങ്കിലും താൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലാണ് അവർ പ്രശസ്‌തയായതെന്നാണ് സത്യം. ഇംഗ്ലണ്ടിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹയ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നുമാണ് തന്റെ ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് പഠനം പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലും ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ് വിൽ അംബാസിഡറായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 2000 സിഡ്‌നി ഒളിമ്പിക്‌സിൽ ജോർദാന് വേണ്ടി കുതിരയോട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാചാലയാകുന്ന ഹയ യു.എ.ഇയിലെ എല്ലാ പ്രധാന കുതിരയോട്ട മത്സരങ്ങളിലും ഭർത്താവ് ഷെയ്‌ഖ് മുഹമ്മദിനൊപ്പം പങ്കെടുക്കാറുണ്ട്.
2004ലാണ് തന്റെ ആറാം ഭാര്യയായി ഷെയ്‌ഖ് മുഹമ്മദ് ഹയയെ വിവാഹം കഴിക്കുന്നത്. രണ്ട് കുട്ടികളുടെ മാതാവായ 45കാരി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് ആദ്യം ജർമനിയിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും കടന്നത്. പുതിയ ജീവിതം തുടങ്ങാനായി ഏതാണ്ട് 270 കോടി രൂപയോളം ഹയ തനിക്കൊപ്പം കരുതിയിട്ടുണ്ടെന്നാണ് വിവരം. വിവാഹ മോചനത്തിനായി ഇരുവരും ലണ്ടനിലെ കോടതിയിൽ ഹർജി നൽകിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇരുവിഭാഗവും ഇതുവരെ ഔദ്യോഗികമായി തയ്യാറായിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങളിൽ തങ്ങൾ ഇടപെടില്ലെന്നാണ് ലണ്ടനിലെ യു.എ.ഇ എംബസി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഹയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജർമൻ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും ഇവർ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഷെയ്‌ഖ് മുഹമ്മദിന്റെ അഭിഭാഷകരും തയ്യാറായിട്ടില്ല.
അതേസമയം, ഹയ തന്റെ രാജ്യത്ത് നിന്നും രക്ഷപ്പെട്ട് ജർമനിയിൽ രാഷ്ട്രീയ അഭയം തേടിയെന്ന് യു.എ.ഇ തടവിലാക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ തലവൻ വ്യക്തമാക്കി. ഷെയ്‌ഖ് മുഹമ്മദിന്റെ മകളായ ലത്തീഫ കുറച്ച് നാള് മുമ്പ് പിതാവിൽ നിന്ന് രക്ഷപ്പെട്ടോടിയെങ്കിലും ഒടുവിൽ യു.എ.ഇ അധികൃതരുടെ കയ്യിൽ തന്നെ അകപ്പെട്ടു. ഈ അവസ്ഥ തനിക്കുമുണ്ടാകുമെന്ന് ഭയന്നാണ് ഹയയും നാടുവിട്ടത്. പ്രായപൂർത്തിയായ സ്ത്രീയെന്ന നിലയിൽ അവർക്ക് സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.