ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാർ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കണമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടി നിലപാടും ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റിന്റെ വാർത്താകുറിപ്പ് അപ്രസക്തമായെന്നുമാണ് നിലപാട്. എസ്.പിയെ പരാമർശിക്കാതെ പൊലീസുകാർക്കെതിരെ നടപടി വേണമെന്നായിരുന്നു വാർത്താക്കുറിപ്പ്.
നെടുങ്കണ്ടം ഉരുട്ടികൊലപാതക കേസിൽ ഇടുക്കി ജില്ല പൊലീസ് മേധാവിയുടെയും കട്ടപ്പന മുൻ ഡി.വൈ.എസ് പിയുടെയും ഭാഗത്തു ഗുരുതര വീഴ്ചയെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൊലപാതകം റിപ്പോർട്ടു ചെയ്ത് 12 ദിവസമായിട്ടും ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ കേസെടുക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായിട്ടില്ല. കുറ്റക്കാർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ല എന്നാണ് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറയുന്നത്. എസ്.പിക്കെതിരെയും അന്വേഷണം വേണമെന്നാണ് നിലപാടെന്നും കെ.കെ. ജയചന്ദ്രൻ അറിയിച്ചു.
കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവർ കോൺഗ്രസുമായി ഒത്തുകളിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നടത്തിയ ശ്രമങ്ങളാണ് രാജ്കുമാറിന്റെ മരണവും പിന്നീടുണ്ടായ വിവാദങ്ങളുമെന്നാണ് നേരത്തെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ഇക്കഴിഞ്ഞ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളിൽ തിരുത്തൽ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.