താരസംഘടനയായ അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്ത് കൊണ്ട് നടൻ ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ജനറൽ ബോഡിക്ക് ശേഷം അഗംങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടയ്‌ക്ക് താൻതന്നെ എടുത്ത സെൽഫിയ്‌ക്ക് അടിക്കുറിപ്പായി, 'പത്തോളം വർഷങ്ങൾക്ക് ശേഷം..;#അമ്മയ്‌ക്കൊപ്പം.സത്യത്തിനെന്നും ശരശയ്യ മാത്രം...; കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! —എന്നാണ് കുറിച്ചത്. അതോടൊപ്പം താൻ വളരെ ആത്മവിശ്വാസത്തിലാണെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.
ജൂൺ 30ന് ആയിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ചേർന്നത്. തിലകൻ വിഷയവും ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ച അംഗങ്ങളുടെ കൂട്ടത്തിൽ തിലകനെ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായിരുന്നു. 2009ലാണ് തിലകൻ അമ്മയിൽ നിന്ന് പുറത്തു പോകുന്നത്. ഇത് ഏറെ വിവാദങ്ങൾക്കും വഴി വച്ചിരുന്നു. ഇതിനെ തുടർന്നാണ് ഷമ്മി തിലകനും അമ്മ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതോടു കൂടി അച്ഛന്റെ കാര്യത്തിൽ നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഷമ്മി പ്രതികരിച്ചിരുന്നു.