road

തിരുവനന്തപുരം: വീട്ടിൽ നോക്കാനാളില്ല എന്ന കാരണത്താൽ പിതാവിനെ കസേരയിലിരുത്തി റോഡുവക്കിൽ ഉപേക്ഷിച്ച് വീട്ടുകാർ. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് വട്ടിയൂർക്കാവിലാണ് പിതാവിനെ മക്കൾ ഉപേക്ഷിച്ചത്. നാലുമണിക്കൂറോളം പൊരിവെയിലത്ത് ഇരുന്ന വൃദ്ധനെ നാട്ടുകാരിടപെട്ടാണ് രക്ഷപ്പെടുത്തിയത്. പൊലീസ് സംഭവത്തിൽ ഇടപെട്ടതോടെ വൃദ്ധനെ മകന്റെ വീട്ടിലാക്കിയിരിക്കുകയാണ്. 27,000 രൂപ മാസം പെൻഷനായി ലഭിക്കുന്ന റിട്ട. എസ്.ഐ.ക്ക് മക്കളിൽനിന്നുമാണ് ദുരനുഭവം ഉണ്ടായത്. ഇദ്ദേഹത്തിന് ഏഴു മക്കളാണ് ഉള്ളത്. സമ്പത്തും,മക്കളും ഉണ്ടായിട്ടും വയസുകാലത്ത് റിട്ട. എസ്.ഐ.യുടെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷര കേരളം.

രാവിലെ റിട്ട. എസ്.ഐ.യുടെ മകനും കുടുംബവും രാവിലെ എട്ടുമണിയോടെ പുറത്തേയ്ക്ക് പോകാനിറങ്ങിയപ്പോഴാണ് പിതാവിനെ കസേരയിൽ വീട്ടിനു മുന്നിലെ റോഡിൽ ഇരുത്തിയത്. എന്നാൽ ഉച്ചയ്ക്ക് പന്ത്രണ്ടര കഴിഞ്ഞിട്ടും റിട്ട. എസ്.ഐ. കൊടുംവെയിലിൽ റോഡിൽ ഇരിക്കുന്നതുകണ്ട നാട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. നാട്ടുകാർ വട്ടിയൂർക്കാവ് പൊലീസിൽ വിവരമറിയിച്ചതോടെ പോലീസ് എത്തി ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മകന്റെ വീട്ടിലാക്കി. എന്നാൽ, അവിടെ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ് അയാൾ കൈയൊഴിയുകയായിരുന്നു. ഇതേതുടർന്ന് മറ്റൊരു മകനെ പൊലീസ് ബന്ധപ്പെടുകയും കുറച്ച് നാളത്തേയ്ക്ക് പിതാവിനെ കൂടെ താമസിപ്പിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. ഇത്രയും അപമാനം നേരിട്ടിട്ടും മക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ പിതാവ് പൊലീസിനെ വിലക്കുകയായിരുന്നു. എന്നാൽ മക്കളെയെല്ലാം വിളിച്ചുവരുത്തി ചർച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.