വിവശനായി ശ്രീനിവാസ കിടാവ്, ശേഖര കിടാവിനെ നോക്കി.
അയാൾക്കും ഒരുതരം സ്തംഭനാവസ്ഥയാണ്!
കേരളത്തിലെ പോലീസ് ഓഫീസർ തുടർന്നു:
''ഇവർ വന്നിരിക്കുന്നത് സമൻസ് തരാനാണ്. മൂന്നു ദിവസത്തിനകം സുരേഷ് ഡെൽഹി പോലീസിന്റെ മുന്നിൽ എത്തണം. ഞങ്ങൾ വീട്ടിൽ പോയിരുന്നു. അവിടെ ആരെയും കാണാഞ്ഞതിനാലാണ് ഇവിടേക്കു വന്നത്."
അപ്പോഴും മിണ്ടിയില്ല ശ്രീനിവാസ കിടാവ്.
മറുപടി നൽകിയത് ശേഖര കിടാവാണ്..
''അവൻ ഔട്ട് ഓഫ് സ്റ്റേഷനാ... എവിടെയാണെന്ന് ഞങ്ങൾക്കും അറിയില്ല."
ഡെൽഹി പോലീസ് ഉദ്യോഗസ്ഥൻ സമൻസ്, കിടാവിനു നീട്ടി.
അയാൾ വിറയ്ക്കുന്ന കൈകളോടെ അത് ഒപ്പിട്ടു വാങ്ങി.
പോലീസ് സംഘം പാർട്ടി ഓഫീസിൽ നിന്നിറങ്ങി.
പ്രവർത്തകർ പുറത്ത് സംശയത്തോടെ നിൽക്കുന്നുണ്ടായിരുന്നു.
അടുത്ത നിമിഷം രണ്ട് കാറുകൾ ചീറിവന്നു നിന്നു. അതിൽ നിന്ന് ചാനൽ പ്രതിനിധികൾ ക്യാമറകളുമായി ഇറങ്ങി.
അവർ പോലീസ് സംഘത്തോട് വിവരം തിരക്കുന്നതും ഫോട്ടോ എടുക്കുന്നതും കണ്ട് കിടാക്കന്മാരുടെ പാതി ജീവൻ പോയി...
''ഛേ.. നാടു മുഴുവൻ വാർത്ത അറിയുമല്ലോ...."
എം.എൽ.എ കൈ ചുരുട്ടി മേശപ്പുറത്തിടിച്ചു:
''ഇവന്മാർക്ക് എങ്ങനെ ഇത്രവേഗം വിവരം കിട്ടി?"
''പാർട്ടിയിൽത്തന്നെയുണ്ടല്ലോ ചേട്ടാ കാലുവാരികൾ? ഒരുത്തന്റെ നാശം മറ്റൊരുത്തന് ഗുണമാകുമെന്ന് കരുതുന്നവര്? അവർ ഒറ്റിക്കൊടുത്തിട്ടുണ്ടാവും."
പെട്ടെന്ന് ശ്രീനിവാസ കിടാവിന്റെ ഫോൺ ശബ്ദിച്ചു.
അയാൾ അറ്റന്റു ചെയ്തു.
ഇങ്ങോട്ടു പറഞ്ഞതിന്റെ മറുപടിയായി മൂളൽ മാത്രം. അവസാനം അയാൾ ഫോൺ മേശപ്പുറത്തിട്ടു.
ശേഖര കിടാവ് ചോദ്യഭാവത്തിൽ ചേട്ടനെ നോക്കി.
''ആരാ?"
''നമ്മുടെ പ്രവർത്തകനാ. കളക്ടറും പരിവാരങ്ങളും പോലീസിനെയും കൂട്ടി ജെ.സി.ബിയുമായി ഇറങ്ങിയിരിക്കുന്നു. തടയണകൾ പൊളിക്കാൻ."
ശേഖര കിടാവ് വിളറി. അയാൾ റിമോട്ട് എടുത്ത് ടിവി ഓൺ ചെയ്തു.
അതിൽ ജെ.സി.ബി, തടയണകൾ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ വന്നു തുടങ്ങിയിരുന്നു...
''പ്രശ്നങ്ങൾ വരുമ്പോൾ നാലു ഭാഗത്തു നിന്നുമാ..."
ശ്രീനിവാസ കിടാവ് പെട്ടെന്ന് എഴുന്നേറ്റു. ''നീ വാ ശേഖരാ.. ചെറുക്കന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം."
ഇരുവരും പുറത്തേക്കു നടക്കാൻ ഭാവിച്ചതും ചാനലുകൾ അകത്തേക്കു വന്നു.
''മകന്റെ വിഷയത്തിൽ സാറിന് എന്താ പറയാനുള്ളത്?" ഒരു റിപ്പോർട്ടർ തിരക്കി.
''അവൻ അങ്ങനെ ചെയ്തെന്ന് ഞാൻ വിശ്വസിക്കില്ല. പിന്നെ ഉപ്പുതിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കുകതന്നെ ചെയ്യും. ഒരു മകൻ എന്ന പരിഗണന നൽകി ഞാൻ അവനെ സഹായിക്കില്ല. രാഷ്ട്രീയ ബന്ധവും ഉപയോഗിക്കില്ല."
അവരുടെ അടുത്ത ചോദ്യത്തിനു നിൽക്കാതെ കിടാക്കന്മാർ പുറത്തേക്കു പോയി.
ചാനലുകൾ പിന്നാലെ ചെന്നെങ്കിലും ഒന്നും ചെവിക്കൊള്ളാതെ ഇരുവരും കാറിൽ കയറി. കാർ പാഞ്ഞുപോയി.
ചുങ്കത്തറ.
അവിടെ സുരേഷ് കിടാവിന് ഒരു വീടുണ്ടായിരുന്നു. അവനും ഭാര്യയും കുട്ടികളും അവിടെയായിരുന്നു താമസം.
ടിവിയിൽ വാർത്ത കണ്ട സുരേഷ് കിടുങ്ങി. കിച്ചണിൽ നിന്ന് ഭാര്യ അങ്ങോട്ടു വന്നപ്പോഴേക്കും അവൻ റിമോട്ട് എടുത്ത് ടിവി ഓഫ് ചെയ്യാൻ ഭാവിച്ചു. എന്നാൽ ഹേമലത അത് കണ്ടുകഴിഞ്ഞിരുന്നു...
ഒരു നിമിഷം അവൾ സ്തംഭിച്ചു. പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു.
''ഇതിനായിരുന്നു നിങ്ങൾ ബിസിനസ്സ് ടൂറെന്നും പറഞ്ഞ് ഡെൽഹിക്കു പൊയ്‌ക്കൊണ്ടിരുന്നത്. അല്ലേ?"
''ഹേമേ..." സുരേഷ് കിടാവ് വല്ല വിധേനയും ധൈര്യം സംഭരിച്ചു. ''മാന്യന്മാരെ നാണം കെടുത്തി പണം തട്ടുന്ന ഒരുപാട് സംഭവങ്ങൾ ടിവിയിലും പത്രങ്ങളിലുമൊക്കെ കാണുന്നതല്ലേ.... ഇതും അതുപോലെ ഫാബ്രിക്കേറ്റു ചെയ്ത ചീറ്റിംഗാ..."
''ഫാബ്രിക്കേറ്റ്." ഹേമലത കയ്യിലിരുന്ന ചായ ഗ്ളാസ് തറയിലേക്ക് ശക്തിയിൽ എറിഞ്ഞു.
ചായയും ഗ്ളാസും മുറിയിൽ ചിതറി.
അവൾ, സുരേഷിനു നേർക്കു കൈ ചൂണ്ടി.
''നിങ്ങളെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലരും പലതും പറഞ്ഞിട്ടുണ്ട്. പലവട്ടം. അന്നൊന്നും ഞാനതു വിശ്വസിച്ചില്ല. നിങ്ങളിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിപ്പോയില്ലേ എന്നതുകൊണ്ടുമാത്രം."
ഹേമലത വല്ലാതെ കിതച്ചു:
''പക്ഷേ ഇതങ്ങനെയല്ല.. നാട്ടുകാര് മുഴുവൻ അറിഞ്ഞു. ഇനി പുറത്തേക്കിറങ്ങി നടക്കാൻ കഴിയുമോ?"
അവന്റെ മറുപടിക്കു കാക്കാതെ അവൾ വെട്ടിത്തിരിഞ്ഞ് അകത്തേക്കു പോയി. അല്പം കഴിഞ്ഞ് വേഷം മാറി ഒരു പെട്ടിയുമായി മടങ്ങിവന്നു.
(തുടരും)